
കല്‍പ്പറ്റ: ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലഞ്ചെരുവില്‍ വിള്ളല്‍. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലുണ്ടായതിന് സമീപത്തായി ചെങ്കുത്തായ ഭാഗത്താണ് അമ്പതുമീറ്റര്‍ നീളത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്. ഇതിനടുത്ത് മൂന്നുമീറ്റര്‍ താഴ്ചയില്‍ പാറയും മണ്ണും ഒലിച്ചിറങ്ങിയ നിലയിലാണ്.
കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ ശക്തമായി മഴ പെയ്തിരുന്നു. പിറ്റേന്ന് പകല്‍ സമയത്ത് മലയില്‍ തീപടര്‍ന്നത് അണക്കാനെത്തിയ നാട്ടുകാരില്‍ ചിലരാണ് വിള്ളല്‍ ആദ്യം കണ്ടത്. മലയടിവാരത്ത് നൂറിലധികം കടുംബങ്ങളാണ് താമസിക്കുന്നത്. ഇവരിപ്പോള്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ പ്രളയകാലത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയില്‍ വിള്ളലുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പരിശോധന നടത്തി.
വിള്ളലിന്റെ വ്യാപ്തി കൂടിയതായി പരിശോധനയില്‍ വ്യക്തമായി. അമ്പുകുത്തി മലനിരകളില്‍ നടക്കുന്ന ഭൂമി കൈയ്യേറ്റവും അനിയന്ത്രിതമായ നിര്‍മാണപ്രവൃത്തികളുമാണ് ഉരുള്‍പൊട്ടലിനും ഭൂമി വിള്ളലിനും കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മണ്ണിളക്കിമാറ്റിയും പാറപൊട്ടിച്ചുമാണ് ഇവിടങ്ങളിലെ നിര്‍മാണം.
വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് വലിയ കുഴിയായി. മലയുടെ താഴ്വാരങ്ങളിലുള്ളവര്‍ ആദിവാസികളടക്കമുള്ള സാധാരണക്കാരായതിനാല്‍ ഇവിടുത്തെ നിയമലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ അടിവാരത്തിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.
അന്ന് സ്ഥലം സന്ദര്‍ശിച്ച നെന്മേനി പഞ്ചായത്ത് അധികൃതര്‍ റവന്യൂ ഭൂമി കൈയ്യേറിയുള്ള അനധികൃത നിര്‍മാണത്തിന് തടയിടുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ദുരന്തസാധ്യത നിലനില്‍ക്കുകയാണെന്നും അടിയന്തര പരാഹാരം വേണമെന്നുമാണ് വാര്‍ഡ് അംഗമുള്‍പ്പെടെയുള്ളവരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam