'മഹാ' ചുഴലിക്കാറ്റില്‍ ജാഗ്രത വേണം; നാല് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; തലസ്ഥാനത്ത് അവധിയില്ല

By Web TeamFirst Published Oct 30, 2019, 9:18 PM IST
Highlights

കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി.  പ്രൊഫഷണൽ കോളേജുകൾക്കും അംഗനവാടികൾക്കും അവധി.

തൃശൂർ: കനത്ത മഴയെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചു. തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, ചാവക്കാട് എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി.

നാല് താലൂക്കുകളിലെ പ്രഫഷനൽ കോളേജുകള്‍, അംഗനവാടികള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, തിരുവനന്തപുരം ജില്ലയിൽ നാളെ അവധി ഇല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ഇതുവരെ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി എന്ന സന്ദേശം വ്യാജമാണെന്ന് കളക്ടർ വ്യക്തമാക്കി.

അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. മറ്റന്നാൾ വൈകുന്നേരത്തോടെ ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത്  'മഹാ'  എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തുടരും. ചുഴലിക്കാറ്റ് ശനിയാഴ്ച കൂടുതൽ ശക്തിപ്രാപിക്കും. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ  90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു.  ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്.

പൊതുജനങ്ങളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ്. മൂന്നാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യയുണ്ട്. 

click me!