അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല; ക്ലാസ് നടത്തിയാൽ കർശന നടപടിയെന്നും മന്ത്രി

Published : Dec 20, 2025, 07:22 PM IST
V Sivankutty

Synopsis

അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കലോത്സവം തൃശൂരിൽ

അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും റവന്യു മന്ത്രി കെ രാജനും ചേർന്ന് നിർവഹിച്ചു. 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിലാകും കലോത്സവം അരങ്ങേറുക. തേക്കിൻകാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി 14 ന് രാവിലെ 10.00 മണിക്ക് തേക്കിൻക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാലയെന്ന് മന്ത്രിമാർ അറിയിച്ചു. അറബിക് കലോത്സവവും ഒപ്പം നടക്കുമെന്നും മന്ത്രിമാർ വിവരിച്ചു. ഇതിനൊപ്പം തന്നെ കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനാണ് സമഗ്ര കവറേജിനുള്ള പുരസ്കാരം ലഭിച്ചത്.

വിശദവിവരങ്ങൾ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളാൻ ഒരുങ്ങുകയാണ്. 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം അരങ്ങേറുന്നത്. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 14 ന് രാവിലെ 10.00 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത് വെച്ച് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ജനുവരി 18 ന് സമാപന സമ്മേളനം നടക്കും. മുഖ്യാതിഥിയായി മലയാളത്തിന്റെ അഭിമാന താരം പത്മഭൂഷൺ മോഹൻലാൽ പങ്കെടുക്കും. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്. എച്ച്.എസ്.എസിൽ വെച്ച് നടക്കും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവൺമെന്റ് മോഡൽ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ ദുരൂഹ മരണം; ഭാര്യയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി വി ജോയ് എംഎൽഎ
സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി; മീനടത്ത് വിജയിച്ച സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു