
തിരുവനന്തപുരം: ട്രാഫിക് ജോലിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് കാർ ഓടിച്ചയാളെ തല്ലിയെന്ന് പരാതി. കെഎസ്‍യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സിജോ തോമസാണ് പരാതിക്കാരന്‍. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. ഹോം ഗാര്‍ഡിന്റെ മോശം പെരുമാറ്റത്തിനു തെളിവായി വീഡിയോ ദൃശ്യങ്ങളുമായി സിജോ പത്തനംതിട്ട പൊലീസിനെ സമീപിച്ചു.
ഗതാഗത നിയന്ത്രണത്തിനിടെ കാര്‍ കാലില്‍ തട്ടിയതായി ഹോം ഗാര്‍ഡ് വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
സിജോ തോമസ് പറയുന്നതിങ്ങനെ- "ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു സിജോ തോമസ്. വെഞ്ഞാറമ്മൂട് ജങ്ഷനിൽ നല്ല തിരക്കുണ്ടായിരുന്നു. 'എങ്ങോട്ടാടാ മോനേ' എന്ന് ചോദിച്ച് അസഭ്യം പറഞ്ഞു. ഞാൻ മറുപടി പറഞ്ഞപ്പോൾ 'എടുത്തോണ്ട് പോ മോനേ' എന്ന് പറഞ്ഞ് വീണ്ടും അസഭ്യം പറഞ്ഞു. ഇടത് വശത്തേക്ക് നോക്കി വണ്ടി വരുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനിടെ ഹോംഗാർഡ് ഗ്ലാസ്സിൽ തട്ടി തുറക്കാൻ പറഞ്ഞു. തുറന്നപ്പോഴേക്കും തലയിലും മുഖത്തും അടിച്ചു. കൂടെയുണ്ടായിരുന്ന ബന്ധു അടിക്കരുതെന്ന് അപേക്ഷിച്ചിട്ടും വീണ്ടും വീണ്ടും അടിച്ചു. പത്തനംതിട്ടയിൽ നിന്ന് വരികയാണ്. കെഎസ്‍യു ജില്ലാ സെക്രട്ടറിയാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അയാൾ കെഎസ്‍യുവിന്റെ ജില്ലാ സെക്രട്ടറിക്കെന്താ കൊമ്പുണ്ടോയെന്ന് ചോദിച്ച് രണ്ടടി കൂടുതൽ അടിച്ചു. പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നിട്ട് എന്‍റെ ഫോണ്‍ തറയിലെറിഞ്ഞു."
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം