
കോഴിക്കോട്: കുളിമുറിയിലെ പൈപ്പില്‍ തൂക്കിയിട്ടിരുന്ന നാലര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാലയുമായി കടന്നുകളഞ്ഞ കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. കോഴിക്കോട് മൊകവൂര്‍ സ്വദേശി പടിഞ്ഞാറെ കുറുന്തല സജിത്ത് കുമാര്‍(43), എടക്കണ്ടി കോളനിയിലെ അഭിലാഷ്(35) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി എത്തിച്ചത്. മൊകവൂര്‍ സ്വദേശിനിയായ സ്ത്രീയുടെ മാലയാണ് സംഘം കവര്‍ന്നത്.
കഴിഞ്ഞ ഫെബ്രുവരി 11നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുകാരി അവരുടെ കുളിമുറിയിലെ ചുവരിനോട് ചേര്‍ന്ന പൈപ്പില്‍ തൂക്കിയിട്ട മാല സജിത്ത് കുമാര്‍ മോഷ്ടിക്കുകയായിരുന്നു. റെസിഡന്‍റ്സ് അസോസിയേഷന്‍റെ പിരിവിന് എന്ന പേരിലാണ് ഇയാള്‍ ഈ വീട്ടില്‍ എത്തിയത്. പിന്നീട് മാലയുമായി കടന്നുകളയുകയായിരുന്നു. എന്നാല്‍ ഇത് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കളവ് മുതലായതിനാല്‍ ആരും വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇത് സുഹൃത്തായ അഭിലാഷിന് കൈമാറി. അഭിലാഷിന്റെ പേരില്‍ കുണ്ടൂപ്പറമ്പിലെ സ്വകാര്യ സ്ഥാപനത്തില്‍ മാല പണയം വെച്ചു. ഇതിലൂടെ ലഭിച്ച ഒന്നരലക്ഷം രൂപ ഇരുവരും പങ്കിട്ടെടുത്തു.
എന്നാല്‍ ഇതിനിടെ സജിത്ത് കുമാര്‍ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായി. ഈ തക്കം നോക്കി അഭിലാഷ് മാല നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ വിറ്റ് കൂടുതല്‍ പണം കൈക്കലാക്കി. വിവരം അറിഞ്ഞ സജിത്ത് പങ്ക് ആവശ്യപ്പെട്ട് തര്‍ക്കമായതോടെ സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എലത്തൂര്‍ പൊലീസ് എസ്‌ഐമാരായ സുരേഷ് കുമാര്‍, പ്രജുകുമാര്‍, എഎസ്‌ഐ ഇ ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാജന്‍, രാഹുല്‍, പ്രശാന്ത്, സനോജ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇരുവരെയും പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam