
ഇടുക്കി: മോഷണം നടത്തി മുബൈയില്‍ നിന്നും മുങ്ങിയ ഹോംനേഴ്‌സിനെ മുബൈ പൊലീസ് മൂന്നാറിലെത്തി പിടികൂടി. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഉമാമഹേശ്വരി(24)യെയാണ് മൂന്നാര്‍ പൊലീസിന്റെ സഹായത്തോടെ മുബൈ എസ്ഐ എസ് വെന്റ് സിന്റേയുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ ഉമാമഹേശ്വരി ജോലിചെയ്തിരുന്ന വീട്ടില്‍ നിന്നും പലവട്ടമായി സ്വാര്‍ണ്ണാഭരണങ്ങളും ഡയമന്റുകളും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം പരാതികള്‍ നല്‍കുന്നതിന് വീട്ടുടമ തയ്യറായിരുന്നില്ല. ഫെബ്രുവരി മാസം ഹോംനേഴ്സായ ഉമാമഹേശ്വരി പെട്ടെന്ന് ജോലി ഉപേക്ഷിച്ച് മുംബൈയില്‍ നിന്നും മുങ്ങിയതോടെയാണ് ഇവരെ സംശയം തോന്നിയത്.
തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ അന്വേഷിച്ച് പൊലീസ് സംഘം ആദ്യം തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തി. പിന്നീടാണ് പ്രതികള്‍ മൂന്നാറിലെ എസ്റ്റേറ്റിലുള്ളതായി വിവരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയെത്തിയ സംഘം മൂന്നാര്‍ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
മുബൈയില്‍ ഹോംനേഴ്സ് ജോലിക്കായിയെത്തിയ ഉമാമഹേശ്വരി രണ്ട് വര്‍ഷം മുമ്പാണ് ഹോട്ടലുടമയുടെ വീട്ടില്‍ ജോലിക്ക് ചേര്‍ന്നത്. മുംബൈയില്‍ നിന്ന് ഹിരണ്‍ സിന്റെയെന്ന യുവാവുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹിതയാവുകയും ചെയ്തിരുന്നു. ഇയാളുടെ സഹായത്തോടെയാണ് ഉമാമഹേശ്വരി പലവട്ടമായി ഹോട്ടലുടമയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും ഡമന്റുകളും മോഷ്ടിച്ചതെന്നാണ് പരാതി.
ഏകദേശം 20 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പ്രതികള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്നാറിലെ സ്വകാര്യ സ്വര്‍ണ്ണാഭരണ സ്ഥാപനങ്ങളില്‍ പണയം വെച്ചിരുന്ന 7 ലക്ഷം രൂപയുടെ തൊണ്ടി മുതല്‍ പൊലീസ് കണ്ടെടുത്തു. വനിതാ പൊലീസ് വൈശാലി വിജയ് സറോധയും സംഘത്തിലുണ്ടായിരുന്നു. പ്രതികളുമായി പൊലീസ് സംഘം ഇന്ന് മുംബൈയിലേക്ക് മടങ്ങും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam