വളർത്താൻ കൊണ്ടുവന്ന പെൺകുതിര പ്രസവിച്ചു, സെൽഫിയെ‌ടുക്കാൻ നാട്ടുകാർ

By Web TeamFirst Published Jul 1, 2022, 8:56 PM IST
Highlights

കണിച്ചുകുളങ്ങര വെറ്ററിനറി ആശുപത്രിയിൽ നിന്നും വെറ്ററിനറി സർജൻ ജോർജ് വർഗീസ് എത്തി കൂടുതൽ നിർദേശങ്ങളും പരിചരണങ്ങളും നൽകി.

ചേർത്തല: വീട്ടിൽ വളർത്താൻ കൊണ്ടു വന്ന കുതിര പ്രസവിച്ചു. ചേന്നവേലിയിൽ  ആറാട്ടുകുളം വീട്ടിൽ അനീഷിന്റെ കുതിരയാണ് പ്രസവിച്ചത്. ആൺകുതിരയാണ് കുട്ടി. കർണാടകയിൽ നിന്ന് കുതിരയെ വാങ്ങി വിൽക്കുന്ന സുഹൃത്തിൽ നിന്ന്  5 മാസങ്ങൾക്കു മുൻപാണ് ഗർഭിണിയായ കുതിരയെ വാങ്ങിയതെന്ന് അനീഷ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതൽ പ്രസവ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. അനീഷിന്റെ ബന്ധുവായ വെറ്ററിനറി ഡോക്ടർ സിമി മാർട്ടിന്റെ നിർദേശാനുസരണം ശുശ്രൂഷ നൽകിയതോടെ പത്ത് മണിയോടെ പ്രസവം നടന്നു.

കണിച്ചുകുളങ്ങര വെറ്ററിനറി ആശുപത്രിയിൽ നിന്നും വെറ്ററിനറി സർജൻ ജോർജ് വർഗീസ് എത്തി കൂടുതൽ നിർദേശങ്ങളും പരിചരണങ്ങളും നൽകി. ഇത് കൂടാതെ ഇംഗ്ലീഷ് ബ്രീഡ് കുതിരയും അനീഷ് വളർത്തുന്നുണ്ട്. കുതിര പ്രസവിച്ചതറിഞ്ഞ് ധാരാളം ആളുകൾ ആറാട്ട്കുളം വീട്ടിലേക്ക് കാണാനെത്തി. മൊബൈയിൽ  ഫോണിൽ അമ്മയേയും കുഞ്ഞിനെയും പകർത്തി സെൽഫിയും എടുത്താണ് മടങ്ങുന്നത്.അനീഷിന്റെ ഭാര്യ ഡാനിയ മക്കൾ സിയന്ന, ലിയ ക്രിസ്റ്റി എന്നിവരാണ് കുതിരകളെ പരിചരിക്കുന്നത്.

click me!