ഉപഗ്രഹകാഴ്ചയില്‍ ഹോട്ടല്‍ കെട്ടിടം ക്ഷേത്രമായി; തെറ്റ് തിരുത്താതെ അധികൃതര്‍; പെരുവഴിയിലായി ഹോട്ടലുടമ

By Web TeamFirst Published Nov 14, 2018, 1:42 PM IST
Highlights

ദേശീയപാത 66 ന്റെ  വികസനത്തിനായുള്ള പുതിയ അലൈന്‍മെന്റ് തയ്യാറാക്കാനുള്ള ഉപഗ്രഹ സര്‍വ്വേയില്‍ ഹോട്ടല്‍ കെട്ടിടം ക്ഷേത്രമായി മാറിയെന്ന് ആരോപണം. ആകാശത്ത് നിന്ന് ഉപഗ്രഹമുപയോഗിച്ചുള്ള സര്‍വ്വേയിലാണ് ഹോട്ടല്‍ കെട്ടിടം ക്ഷേത്രമായത്.

തൃശൂര്‍: ദേശീയപാത 66 ന്റെ  വികസനത്തിനായുള്ള പുതിയ അലൈന്‍മെന്റ് തയ്യാറാക്കാനുള്ള ഉപഗ്രഹ സര്‍വ്വേയില്‍ ഹോട്ടല്‍ കെട്ടിടം ക്ഷേത്രമായി മാറിയെന്ന് ആരോപണം. ആകാശത്ത് നിന്ന് ഉപഗ്രഹമുപയോഗിച്ചുള്ള സര്‍വ്വേയിലാണ് ഹോട്ടല്‍ കെട്ടിടം ക്ഷേത്രമായത്. തെറ്റിധാരണയെക്കുറിച്ച് വ്യക്തമായിട്ടും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം. 

ഏതാനും ദിവസം മുമ്പാണ് ദേശീയപാത വികസനത്തിന് മുന്നോടിയായുള്ള അളവെടുപ്പും സര്‍വ്വേകല്ല് സ്ഥാപിക്കലും ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂരില്‍ പൂര്‍ത്തിയായത്. തങ്ങളുടെ ഉടമസ്ഥതയില്‍ ഉള്ളത് ഹോട്ടലാണെന്നും ക്ഷേത്രമല്ലെന്നുമുള്ള ഹോട്ടലുടമയുടെ വാദം അധികൃതര്‍ അവഗണിച്ചതോടെയാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഉപഗ്രഹ സര്‍വ്വേയില്‍ സംഭവിച്ച തകരാറ് ഇതോടെയാണ് പുറത്ത് വരുന്നത്. 

രേഖകളുടെ അടിസ്ഥാനത്തില്‍  ജില്ലാ കളക്ടര്‍ ഉള്‍പ്പടെ അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കി.  എന്നാല്‍ അതൊന്നും പരിഗണിക്കാനോ സര്‍വേ റിപ്പോര്‍ട്ട് തിരുത്തി നല്‍കാനോ കളക്ടറോ ദേശീയപാത അതോറിറ്റി അധികൃതരോ തയ്യാറായിട്ടില്ലെന്നാണ് ഹോട്ടല്‍ ഉടമയുടെ പരാതി. വിഷയത്തില്‍ ഇനി എന്ത് ചെയ്യാനാവുമെന്ന അന്വേഷണത്തിലാണ് ഹോട്ടല്‍ ഉടമകളായ ഏങ്ങണ്ടിയൂര്‍ സ്വദേശി അജയഘോഷും  ബിനു റോയിയും.

അതിനിടെ ദേശീയപാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ അനിശ്ചിതകാല സത്യഗ്രഹ സമരം തുടരുകയാണ്. കഴിഞ്ഞദിവസം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പഞ്ചായത്തോഫീസ് മാര്‍ച്ച് നടന്നിരുന്നു.
 

click me!