
തൃശൂർ: ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായ ഒഡിഷ സ്വദേശി രാജേഷ് ആണ് പിടിയിലായത്.
ജില്ലയിലെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യുവാവെന്ന് എക്സൈസ് പറഞ്ഞു. ഹോട്ടല്‍ ജീവനക്കാരന്‍ ആണെങ്കിലും ഇടയ്ക്ക് ലീവെടുത്ത് നാട്ടില്‍ പോവുകയും തിരികെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബാഗില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരുകയും പതിവായിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എക്സൈസ് ഇയാളുടെ നീക്കങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു.
വടൂക്കരയിലെ ക്വട്ടേഷൻ സംഘത്തിന് വേണ്ടി ആണ് യുവാവ് കഞ്ചാവ് അരുണാട്ടുകരയില്‍ എത്തിച്ചത്. എക്‌സൈസിനെ കണ്ട യുവാവ് അവരുടെ ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി മൂന്ന് സ്ഥലങ്ങളിലേക്ക് പോവുകയുണ്ടായി. അവസാനമാണ് അരുനാട്ടുകരയില്‍ ഉള്ള സംഘത്തിന് കഞ്ചാവ് കൈമാറാന്‍ എത്തിയത്. എന്നാല്‍ യുവാവിനെ പിന്തുടര്‍ന്ന് എക്‌സൈസ് സംഘം വേഷം മാറി വരുന്നത് ശ്രദ്ധയില്‍പ്പെട്ട, വാങ്ങാൻ കാത്തു നിന്ന ആള്‍ രക്ഷപ്പെടുകയായിരുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒഡിഷ സ്വദേശിയായ രാജേഷിനെ കഞ്ചാവ് സഹിതം പിടികൂടിയത്. യുവാവിന്‍റെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ എക്‌സൈസ് സംഘം പരിശോധിച്ചു. ഇതില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളുടെ ഫോണ്‍ നമ്പറുകള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചു. ക്ലീന്‍ ഡ്രഗ്സ് കേരള പദ്ധതിയുടെ ഭാഗമായി ശക്തമായ പരിശോധന തുടങ്ങിയതോടെ ജില്ലയില്‍ സിന്തറ്റിക് മയക്കുമരുന്ന് വരവ് ഗണ്യമായി കുറഞ്ഞെന്ന് എക്സൈസ് പറയുന്നു. അതേസമയം ജില്ലയില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നതായാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം