മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ഹോട്ടല്‍; താഴിട്ട് പൂട്ടി നഗരസഭ

Published : May 11, 2022, 10:11 AM ISTUpdated : May 11, 2022, 10:38 AM IST
മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ഹോട്ടല്‍; താഴിട്ട് പൂട്ടി നഗരസഭ

Synopsis

ഈ ഹോട്ടലില്‍ നിന്നും കക്കൂസ് മാലിന്യവും മലിനജലവും റോഡിലേക്ക് ഒഴുക്കിവിടുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

കല്‍പ്പറ്റ: കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ ഡിപ്പാര്‍ട്ട്‌മെന്റും തദ്ദേശസ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും നടത്തുന്ന ഭക്ഷണശാല പരിശോധന തുടരുകയാണ്. നിരവധി ഭക്ഷ്യ വിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് വയനാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്നും പരിശോധന നടന്നു. മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും മലിന ജലവും ഓടയിലേക്ക് ഒഴുക്കിയ സംഭവത്തില്‍ ഹോട്ടല്‍ പൂട്ടിച്ചു.

നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടിയെടുത്തത്. മൈസൂര്‍ റോഡിലെ റോളക്സ് ഹോട്ടലാണ് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജി മാധവന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ടിച്ചത്. ഈ ഹോട്ടലില്‍ നിന്നും കക്കൂസ് മാലിന്യവും മലിനജലവും റോഡിലേക്ക് ഒഴുക്കിവിടുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ എസ്. അജിത്ത്, ബി.രമ്യ, വി.സിമി, മാനന്തവാടി എ.എസ.ഐ.നൗഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഭക്ഷ്യസുരക്ഷാ വിഭാഗം മാനന്തവാടി, തലപ്പുഴ ഭാഗങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ ഓഫീസര്‍ നിഷയുടെ നേതൃത്വത്തില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും തവിഞ്ഞാല്‍ പഞ്ചായത്ത് ആരോഗ്യവിഭാഗവും ചേര്‍ന്ന് ഹോട്ടല്‍, മത്സ്യവില്‍പ്പന സ്റ്റാളുകള്‍, കൂള്‍ബാര്‍ തുടങ്ങി 16 സ്ഥാപനങ്ങളാണ് പരിശോധിച്ചത്.

കല്‍പ്പറ്റ നഗരത്തില്‍ നോഡല്‍ ഓഫീസറുടെ ചുമതലയുള്ള ഭക്ഷ്യസുരക്ഷ ഓഫീസര്‍ രേഷ്മയുടെ നേതൃത്വത്തില്‍ ഒന്‍പത് സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. മത്സ്യവില്‍പ്പന സ്റ്റാളുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പരിശോധന. ആറ് സ്ഥാപനങ്ങളില്‍ നിന്നുള്ള മത്സ്യങ്ങള്‍ കൂടുതല്‍ പരിശോധനക്കായി സംഘം ശേഖരിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ ആരോഗ്യവിഭാഗവും പരിശോധനയില്‍ പങ്കെടുത്തു.
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം