
കോഴിക്കോട്: ഹോട്ടലുകളിലെ കൊള്ളവില തടയാൻ നിയമാവലി തയ്യാറാക്കി കോഴിക്കോട് നഗരസഭ. പരാതികൾ വ്യാപകമായതോടെയാണ് കോഴിക്കോട് നഗരസഭ വില ഏകീകരണമടക്കം ലൈസൻസിനുള്ള നിയമാവലി തയാറാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഹോട്ടലുകളിലെ കൊള്ളവില തടയാൻ നിയമാവലി കൊണ്ടുവരുന്നത്.
ഭക്ഷണ വൈവിധ്യത്തിന് പേര് കേട്ട നാടാണ് കോഴിക്കോട്. എന്നാൽ, അതൊന്ന് രുചിച്ച് നോക്കാൻ വലിയ വിലയാണ് ഹോട്ടലുകളിലെത്തുന്നവർ നൽകേണ്ടത്. വിശന്ന് എത്തുന്നവരെ പിഴിയുകയാണ് കോഴിക്കോടുള്ള മിക്ക ഹോട്ടലുകളും. ബില്ലിൽ മാത്രമല്ല, വരുന്നവരുടെ വസ്ത്രധാരണവും ചില ഹോട്ടലുകൾക്ക് വലിയ പ്രശ്നമാണ്. ജൂലൈ മാസം മുണ്ട് ഉടുത്ത് എത്തിയവരെ ഹോട്ടൽ ജീവനക്കാർ ഇറക്കി വിട്ടിരുന്നു. ഇതിനെതിരെ സാംസ്കാരിക പ്രവർത്തകരടക്കം ഹോട്ടലിന് മുന്നിൽ ലുങ്കി ഉടുത്ത് പ്രതിഷേധം നടത്തിയിരുന്നു.
ഇത്തരത്തിൽ ഹോട്ടലുകൾക്കെതിരെ പരാതി ഉയർന്നപ്പോഴാണ് നടപടിയുമായി കോഴിക്കോട് നഗരസഭ രംഗത്തെത്തിയത്. ഭക്ഷണത്തിന്‍റെ വില തോന്നും പടി കൂട്ടാൻ പുതിയ നിയമാവലി അനുസരിച്ച് സാധിക്കില്ല. മാർഗ നിർദ്ദേശത്തിന്‍റെ കരട് തയാറായിക്കഴിഞ്ഞതായും കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു.
ഹോട്ടൽ ഉടമകളുടെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെയും ലീഗൽ മെട്രോളജി വകുപ്പിന്‍റെയും യോഗം വിളിച്ച് അന്തിമ തീരുമാനമെടുക്കും. ശേഷം അത് ലംഘിക്കുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കും. മൂന്ന് മാസത്തിനകം നിയമാവലി പ്രാബല്യത്തിൽ കൊണ്ട് വരാനാണ് നീക്കമെന്നും ബിനു ഫ്രാൻസിസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam