വയോധികനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

Published : Jan 25, 2020, 09:29 PM IST
വയോധികനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

Synopsis

പട്ടാളക്കാരനായ രാജേഷ് അവധിക്ക് നാട്ടിലെത്തിയിട്ട് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. ഉണ്ണികൃഷ്ണന്റെ ഭാര്യ കൃഷ്ണപ്രിയയുടെ വീട്ടുകാരുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിന് പിറ്റേ ദിവസം വീട്ടിലെത്തണമെന്ന് വിളിച്ചു പറഞ്ഞിരുന്നു

ഹരിപ്പാട്: ഒരു സംഘം ആളുകള്‍ വയോധികനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ചേപ്പാട് ഏവൂർ വടക്ക് ചന്ദ്രഭവനത്തിൽ  ചന്ദ്രൻപിള്ളയുടെ വീടാണ് കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ ഒരു സംഘം ആളുകൾ ആക്രമിച്ചത്. ചന്ദ്രൻപിള്ളയേയും കുടുംബാംഗങ്ങളേയും  മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങള്‍  തല്ലിത്തകർക്കുകയും ചെയ്തു. ചന്ദ്രന്‍ പിള്ള(72)  ഭാര്യ രാധാമണി (62), ഭാര്യാമാതാവ് ലക്ഷ്മിക്കുട്ടിയമ്മ (85) മക്കളായ ഉണ്ണികൃഷ്ണൻ(37), രാജേഷ് (35) എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

ഇവർ ഹരിപ്പാട് ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാളക്കാരനായ രാജേഷ് അവധിക്ക് നാട്ടിലെത്തിയിട്ട് അഞ്ച് ദിവസമേ ആയിട്ടുള്ളൂ. ഉണ്ണികൃഷ്ണന്റെ ഭാര്യ കൃഷ്ണപ്രിയയുടെ വീട്ടുകാരുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിന് പിറ്റേ ദിവസം വീട്ടിലെത്തണമെന്ന് വിളിച്ചു പറഞ്ഞിരുന്നു.

ഇതിനെ തുടർന്നാണ് ഉണ്ണികൃഷ്ണന്റെ ഭാര്യാ മാതാവ് കാക്കനാട് വിഷ്ണുഭവനത്തിൽ ശാന്തമ്മ, സഹോദരൻ കൊല്ലകയിൽ മോഹനൻ, ഭാര്യ ഗീത, മകൻ അഖിൽ മോഹൻ, മോഹനന്റെ സഹോദരി വിജയലക്ഷ്മി,മകൻ അഖിൽ പ്രസാദ് (ചിക്കു) എന്നിവരും കണ്ടാലറിയാവുന്ന പത്തോളം ആളുകളും ബൈക്കുകളിലും കാറുകളിലുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓർക്കാപ്പുറത്ത് വീടിനുള്ളിലേക്ക് ഇടിച്ചു കയറി വീട്ടുകാരെ ആക്രമിച്ചതെന്നാണ് പരാതി.

മകളേയും മരുമകനേയും ഉപദ്രവിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ വൃദ്ധ മാതാവ് ലക്ഷ്മിക്കുട്ടിയമ്മയുടെ കൈ പിടിച്ച് തിരിക്കുകയും ഭിത്തിയിലെടുത്തെറിയുകയും ചെയ്തു. ഇവർക്ക് സാരമായി പരിക്കേറ്റു. ഇവരുടെ മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചെടുക്കുകയും ചെയ്തു.

ചന്ദ്രൻ പിള്ളയ്ക്കും ഉണ്ണികൃഷ്ണനും ചവിട്ടേറ്റു. ഇവരുടെ കൈകാലുകളിലും ദേഹത്തും പരിക്കേറ്റിട്ടുണ്ട്. പട്ടാളക്കാരനായ രാജേഷിന്റെ ഇടത്തേ തോളെല്ലിനും വലതുകൈ വിരലുകൾക്കും പൊട്ടലുണ്ട്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് കരുതിക്കൂട്ടി തന്റെ വീടാക്രമിക്കുകയും, തങ്ങളെ ആക്രമിച്ച് ,ടി വി, കമ്പ്യൂട്ടർ, ഫർണ്ണിച്ചറുകൾ, തുടങ്ങിയ വീട്ടുപകരണങ്ങൾ തല്ലിത്തകര്‍ത്തുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ചന്ദ്രന്‍പിള്ള പറയുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ചന്ദ്രൻ പിള്ള കരീലക്കുളങ്ങര പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

93ാമത് ശിവ​ഗിരി തീർത്ഥാടനം: ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധികളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 31 ന് അവധി; പൊതുപരീക്ഷകൾക്ക് ബാധകമല്ല
3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി