
തൃശൂര്‍: പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ തീരമേഖലയായ അണ്ടത്തോട് തങ്ങള്‍പ്പടി മുന്നൂറ്റിപ്പത്ത് ബീച്ചിന് സമീപത്തെ വീട്, പഞ്ചായത്ത് അധികൃതരുടെ അനുമതിയില്ലാതെ കള്ള് ഷാപ്പാക്കി മാറ്റിയെന്നാരോപിച്ച് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്ത്. നാടിന് ഏറെ വിപത്തായ കള്ള് ഷാപ്പ് ആരും അറിയാതെ പ്രവര്‍ത്തനം തുടങ്ങിയത് ഏറെ ആശങ്കയിലാക്കുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്.
ബീച്ചിന് സമീപത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അനധികൃതമായി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഷാപ്പ് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പാവപ്പെട്ടവരായ തീരത്തെ മത്സ്യത്തൊഴിലാളികള്‍ തിങ്ങി താമസിക്കുന്നിടത്താണ് അനധികൃത കള്ള് ഷാപ്പ് തുറന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ അനധികൃത കള്ള് ഷാപ്പിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ വ്യക്തമാക്കി. ഇങ്ങനെ ഒരു കള്ള് ഷാപ്പ് സംബന്ധമായ വിവരങ്ങളൊന്നും പഞ്ചായത്ത് അറിഞ്ഞിട്ടില്ലെന്നും ഇതിന് എക്‌സൈസ് വകുപ്പില്‍ നിന്നാണ് ലൈസന്‍സ് ലഭിക്കേണ്ടതെന്നും പഞ്ചായത്തിന് യാതൊരും ബന്ധവും ഇല്ലന്നും പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
കള്ള് ഷാപ്പ് എത്രയും പെട്ടെന്ന് അടച്ചു പൂട്ടണമെന്നും ഇല്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിലേക്ക് കടക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും മുസ്ലിം ലീഗ് പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ് എ കെ മൊയ്‌ദുണ്ണി, സെക്രട്ടറി ഹുസൈൻ വലിയകത്ത് എന്നിവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അനധികൃത മദ്യവിൽപ്പന നടത്തിയ കാണിപ്പയ്യൂര്‍ സ്വദേശിയെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു എന്നതാണ്. കാണിപ്പയ്യൂര്‍ സ്വദേശി കണ്ടിരുത്തി വീട്ടില്‍ ഹരീഷി (40) നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുദര്‍ശന കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് പത്തര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. പ്രതി മേഖലയില്‍ അനധികൃത മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹരീഷിനെ പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. കെ. വത്സന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി.എസ്. സുരേഷ് കുമാര്‍, സി.കെ. ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിജോ, തൗഫീഖ്, സംഗീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam