
മാന്നാർ: ആലപ്പുഴ മാന്നാറിൽ വീട്ടിലെ കുറച്ച് സാധനങ്ങൾ ആക്രിക്കാരന് കൊടുത്ത വീട്ടുടമക്ക് കിട്ടിയത് വമ്പൻ പണി. വീട്ടുടമ വിറ്റ സാധനങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക്, ഇതര മാലിന്യങ്ങൾ, ആക്രി സാധനങ്ങൾ വാങ്ങിയയാൾ വഴിയിൽ തള്ളിയതാണ് വൻ പണിയായത്. ഇത് കണ്ടെടുത്ത പഞ്ചായത്ത് അധികൃതരാകട്ടെ വീട്ടുടമയ്ക്ക് 10,000 രൂപ പിഴയടക്കുവാൻ നോട്ടീസ് നൽകുകയും ചെയ്തു.
മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയെന്ന കുറ്റത്തിനാണ് ആക്രി സാധനങ്ങൾ വിറ്റ വീട്ടുടമക്ക് 10,000 രൂപ പിഴ അടക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയത്. ബുധനൂർ പഞ്ചായത്തിൽ താമസിക്കുന്ന കല്ലു വിളിയിൽ കെ ജെ തോമസിനാണ് നോട്ടീസ് നൽകിയത്. വീട്ടുടമ ആക്രി വിലയ്ക്ക് ഫോട്ടോസ്റ്റാറ്റ് മെഷിൻ അടക്കമുള്ള സാധനങ്ങൾ ചെങ്ങന്നൂർ സ്വദേശിക്ക് കൈമാറിയിരുന്നു. ആക്രിസാധനങ്ങൾ വാങ്ങിയ ആൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീട്ടുടമ അറിയാതെ മാന്നാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കൊണ്ട് തള്ളുകയായിരുന്നു. ഇത് പഞ്ചായത്ത് കണ്ടെടുത്തതോടെയാണ് തോമസിന് പണിയായത്.
എന്നാൽ നോട്ടീസ് കിട്ടിയതോടെ തോമസും വിട്ടില്ല. പഞ്ചായത്തിന്‍റെ പിഴ നോട്ടീസ് കൈപ്പറ്റിയ കെ ജെ തോമസ്, തന്‍റെ വീട്ടിൽ നിന്നും ആക്രി സാധനങ്ങൾ വാങ്ങിയ ആളെ തിരഞ്ഞു പിടിച്ച് പഞ്ചായത്തിൽ കൊണ്ടു വന്ന് പിഴ തുക അടപ്പിച്ചു. മാലിന്യം നിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയ വ്യക്തിക്ക് പിഴ തുകയുടെ 25 ശതമാനം പാരിതോഷികം നൽകുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
'പഴയ സീറ്റ് കവർ, ടാങ്ക് കവർ'; താമരശ്ശേരി ചുരത്തിൽ മാലിന്യം നിക്ഷേപിച്ച യുവാവ് പിടിയിൽ
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത താമരശ്ശേരി ചുരത്തിൽ മാലിന്യം നിക്ഷേപിച്ച യുവാവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു എന്നതാണ്. കുന്ദമംഗലം മുറിയനാൽ ഭാഗത്ത് ബൈക്കിന്റെ സീറ്റ് കവർ, ടാങ്ക് കവർ എന്നിവ നിർമിച്ചു വില്പന നടത്തുന്ന മുക്കം അഗസ്ത്യൻ മുഴി നാനക്കണ്ടി ആർ രവിയെ (30) ആണ് അറസ്റ്റ് ചെയ്തത്. പിഴയോടൊപ്പം ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാളുടെ പേരിലുള്ളത്. ചുരം ഭാഗത്ത് വനത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കൂടുതൽ കർശ്ശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് താമരശ്ശേരി റെയിഞ്ച് ഓഫീസർ അറിയിച്ചു.