
പത്തനാപുരം: പറഞ്ഞ വാക്ക് പാലിച്ച് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. കഴിഞ്ഞ മാർച്ചിലാണ് പത്തനാപുരം കമുകുംചേരി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് ഗണേഷ് കുമാർ വാക്കുനൽകിയത്. വീടിന്റെ താക്കോൽ കൈമാറി അഞ്ജുവും അർജുനും വീട്ടിൽ താമസം തുടങ്ങി. കമുകുംചേരിയില്‍ 'നവധാര'യുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് അര്‍ജുന്റെ കാര്യം ഗണേഷ് കുമാറിനോട് പറഞ്ഞത്. പഠനത്തിൽ മിടുക്കനായ അർജുന് അമ്മ മാത്രമേയുള്ളൂവെന്നും നല്ല വീടില്ലെന്നും സുനിത ഗണേഷ് കുമാറിനോട് പറഞ്ഞു.
തുടർന്ന് ഗണേഷ് കുമാർ ഇവരെ സന്ദർശിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ' എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. വീടും തരും' -ഗണേഷ് കുമാർ അർജുന് വാക്കുനൽകി. ആ വാക്കാണ് ഗണേഷ്കുമാർ ഇന്ന് യാഥാർത്ഥ്യമാക്കിയത്. അന്ന് എംഎൽഎ വീടിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ച് ഏകദേശം അഞ്ച് മാസം തികയുമ്പോൾ, അർജുനും അമ്മ അഞ്ജുവിനും വീടിന്റെ താക്കോൽ അദ്ദേഹം തന്നെ കൈമാറി.
അന്ന് സന്തോഷത്താൽ അർജുൻ ഗണേഷ് കുമാറിനെ ചേർത്തുപിടിച്ച് ഉമ്മവെച്ചതും വൈറലായിരുന്നു. താനൊരു നിമിത്തം മാത്രമാണെന്നും ദൈവമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും അന്ന് തന്നെ ഗണേഷ് കുമാർ പറഞ്ഞു. ഞാനല്ല ഈ വീട് നിർമിച്ച് നൽകുന്നത്, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. മാസങ്ങൾക്കിപ്പുറം എല്ലാ പണിയും തീർത്ത് വെറും 'ഹൌസ്' അല്ലാതെ ഒരു 'ഹോം' കൈമാറിയെന്ന സന്തോഷമാണ് ഗണേഷ് കുമാർ പങ്കുവച്ചത്. അടുക്കളയിൽ പാത്രങ്ങളും കിടപ്പുമുറിയിൽ അലമാരയും കട്ടിലും കിടക്കയും തലയണയും എന്നുവേണ്ട, എല്ലാ സൌകര്യങ്ങളും കൂടി ഒരുക്കിയാണ് അഞ്ജുവിനും അർജുനും ആദ്യമായി വീട് തുറന്നുകാണിച്ചത്.
Read more: 'ഞാൻ മരിച്ചാലും ചേട്ടൻ ജീവനോടെ ഉണ്ടാകണമെന്ന് അദ്ദേഹം ഡോക്ടറോട് പറഞ്ഞു': കരൾ ദാതാവിനെ കുറിച്ച് ബാല
അർജുന് പഠിക്കാനുള്ള 'സ്റ്റഡി ടേബിളും' ലൈറ്റും എല്ലാം റെഡി. അവിടെ അർജുനെ കൊണ്ടിരിത്തി ഗണേഷ് കുമാർ. എല്ലാം കഴിഞ്ഞ് അപ്രതീക്ഷിതമായൊരു സമ്മാനം കൂടി അർജുന് കിട്ടി. ഒരു ചവിട്ട് സൈക്കിൾ. കമുകുംചേരി വിട്ട് എവിടെയും സൈക്കിളുമായി പോകരുതെന്ന് ഉപദേശവും. എക്കാലത്തെയും സ്വപ്നമായ വീട് കിട്ടിയതിൽ സന്തോഷമുണ്ട്, പക്ഷെ ഇത് അതിലൊക്കെ എത്രയോ വലുതാണെന്നും അഞ്ജു പറയുന്നു. വീടിന്റെ വാർപ്പ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് കയറിയിട്ടില്ലെന്നും ഇന്ന് എനിക്ക് എംഎൽഎ സമ്മാനിച്ച വീട് കണ്ടപ്പോൾ അതിശയിച്ചുപോയി, ഒരു സൈക്കിളും മേടിച്ചു തന്നു ഇത് സ്വപ്നമാണോ എന്ന് തോന്നിയെന്നും സമ്മാനമായി കിട്ടിയ സൈക്കിളിനോട് ചേർന്ന് നിന്ന് അർജുൻ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam