പ്രളയം തകര്‍ത്ത വീടിന് നഷ്ടപരിഹാരമില്ലെന്ന് സംശയം; വീട്ടമ്മയുടെ ആത്മഹത്യാശ്രമം

By Web TeamFirst Published Feb 1, 2019, 6:55 AM IST
Highlights

ആദ്യം പേര് ചേര്‍ക്കപ്പെടാതെ വന്നതോടെ തങ്ങള്‍ക്ക് അര്‍ഹതപെട്ട ആനുകൂല്യം നിഷേധിക്കപ്പെട്ടതായി സംശയിച്ചതോടെ ബിന്ദു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന വീടിന് നഷ്ട പരിഹാരം ലഭിക്കില്ലെന്ന് തെറ്റുദ്ധരിച്ച് നെടുങ്കണ്ടത്ത് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുങ്കണ്ടം മാവടി സ്വദേശിയായ വീട്ടമ്മയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വീട് വാസയോഗ്യമല്ലെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ആദ്യ പട്ടികയില്‍ നിന്ന് പുറത്തായതോടെയാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്.

എന്നാല്‍, കുടുംബത്തിന് വീട് നിര്‍മ്മിക്കുന്നതിനായി ആദ്യ ഗഡു അനുവദിച്ചിട്ടുണ്ടെന്നാണ് റവന്യു വകുപ്പ് അധികൃതര്‍ പറയുന്നത്. നെടുങ്കണ്ടം മാവടി ചീനിപ്പാറ വെള്ളാപ്പള്ളില്‍ രഘുവിന്റെ ഭാര്യ ബിന്ദുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് രഘുവിന്റെ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

വീട് താമസിക്കാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ജിയോ ടാഗിംങ്ങില്‍ രഘുവിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിഴവ് സംഭവിച്ചത് അറിഞ്ഞതോടെ രഘു രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പഞ്ചായത്ത് അധികൃതര്‍ വീണ്ടും പരിശോധന നടത്തുകയും ലിസ്റ്റില്‍ പേര് ചേര്‍ക്കുകയുമായിരുന്നു.

എന്നാല്‍, ആദ്യം പേര് ചേര്‍ക്കപ്പെടാതെ വന്നതോടെ തങ്ങള്‍ക്ക് അര്‍ഹതപെട്ട ആനുകൂല്യം നിഷേധിക്കപ്പെട്ടതായി സംശയിച്ച ബിന്ദു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബിന്ദു തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടാമത് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് രഘുവിന് വീട് നിര്‍മ്മിക്കുന്നതിനായി ആദ്യ ഗഡു അനുവദിച്ചിട്ടുണ്ടെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി എസ് ഭാനുകുമാര്‍ അറിയിച്ചു. ഈ വിവരം ബിന്ദു അറിഞ്ഞിരുന്നില്ല.

വീട് നിര്‍മ്മിക്കുന്നതിനായി നാല് ലക്ഷം രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്. പ്രളയ കെടുതിയെ അതിജീവിക്കുന്നതിനായി പ്രാഥമികമായി 10,000 രൂപയും കുടുംബത്തിന് ലഭിച്ചിരുന്നു.

click me!