
വയനാട്: വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് തോമസ് വർഗീസാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. കൈരമ്പ് മുറിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള തോമസ് വർഗീസ് കുറ്റസമ്മതം നടത്തി. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിന്റെ മാനസിക വിഷമത്തിൽ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്നാണ് പ്രതിയുടെ മൊഴി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് നമ്പ്യാർകുന്നിൽ വീടിനുള്ളിൽ ഭാര്യ എലിസബത്തിനെ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയത്. ഇരുവരെയും കാണാതായതോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മരണ വിവരം അറിഞ്ഞത്. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ തോമസ് വർഗീസിനെ ബന്ധുക്കള്‍ ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നൂൽപ്പുഴ പൊലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)