
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിൽ വീട്ടമ്മ. പുതിയകാവ് സ്വദേശി രേഷ്മയാണ് കളഞ്ഞ് കിട്ടിയ ഒന്നരപ്പവൻ്റെ സ്വർണമാല ഉടമയ്ക്ക് തിരിച്ച് നൽകി മാതൃകയായത്.
മകൻ വാസുദേവിൻ്റെ അഡ്മിഷന് വേണ്ടി കരുനാഗപ്പള്ളി സർക്കാർ സ്കൂളിൽ എത്തിയതായിരുന്നു രേഷ്മ. അപ്പോഴാണ് സ്കൂൾ മുറ്റത്ത് മണ്ണിൽ പുതഞ്ഞ നിലയില്‍ സ്വർണമാല കളഞ്ഞ് കിട്ടിയത്. മാല കിട്ടിയ ഉടനെ സ്കൂൾ അധികൃതർക്ക് കൈമാറിയായിരുന്നു രേഷ്മയുടെ മാതൃകാ പ്രവർത്തനം.
സ്കൂളിൽ അധ്യാപക പരിശീലനത്തിനെത്തിയപ്പോൾ കളഞ്ഞു പോയ മാല ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു കിട്ടിയതിൻ്റെ സന്തോഷം പുതിയകാവ് സ്വദേശി നിസാ സലീം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. രേഷ്മയുടെ സത്യസന്ധതയ്ക്ക് സ്‌കൂൾ അധികൃതർ അംഗീകാരം നൽകി. സ്കൂളിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അനുമോദനം.