ഭര്‍ത്താവിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാര്‍; തുടര്‍ ചികിത്സയ്ക്ക് സഹായം തേടി വീട്ടമ്മ

Published : Oct 11, 2022, 08:34 AM IST
ഭര്‍ത്താവിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാര്‍; തുടര്‍ ചികിത്സയ്ക്ക് സഹായം തേടി വീട്ടമ്മ

Synopsis

തയ്യല്‍ തൊഴിലാളികളായ ഇരുവരും മൂന്ന് മക്കളോടൊപ്പം, കരിയൂര്‍മംഗലത്തെ പതിവായി വെള്ളം കയറുന്ന ചതുപ്പ് സ്ഥലത്ത്, മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം.


ആലപ്പുഴ: ഭര്‍ത്താവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക ദാനം ചെയ്യാന്‍ തയ്യാറായിട്ടും ശസ്ത്രക്രിയയക്ക് പണം കണ്ടെത്താനാകാതെ വീട്ടമ്മ. കാവാലം കരിയൂര്‍മംഗലം എം.എം നിവാസില്‍ കെ.പി മധുസൂദനനാ(50)ണ് വൃക്ക തകരാറിലായി അടിയന്തിര ശസ്ത്രക്രിയ കാത്ത് കഴിയുന്നത്. ഭാര്യ സന്ധ്യ വൃക്ക ദാനം ചെയ്യാന്‍ തയാറായതോടെ അതിനായുള്ള പരിശോധനകളും മറ്റ് നടപടികള്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മധുസൂദനന്‍റെ ചികിത്സ നടന്ന് വരുന്നത്. 

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരും. മധുസൂദനനും ഭാര്യയും തയ്യല്‍ തൊഴിലാളികളാണ്. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബം പോറ്റാനുമുള്ള ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ട് നേരിടുമ്പോഴാണ് മധുസൂദനന് രോഗബാധ സ്ഥിരീകരിക്കുന്നത്. കാലില്‍ നീരില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പിന്നീട് തുടര്‍ച്ചയായ അണുബാധ കൂടിയായതോടെയാണ് പരിശോധനകള്‍ നടത്തുന്നത്. പരിശോധനാ ഫലത്തില്‍ മധുസൂദനന് വൃക്ക രോഗമാണെന്ന് സ്ഥിരീകരിച്ചു. 

തയ്യല്‍ തൊഴിലാളികളായ ഇരുവരും മക്കളോടൊപ്പം, കരിയൂര്‍മംഗലത്തെ പതിവായി വെള്ളം കയറുന്ന ചതുപ്പ് സ്ഥലത്ത്, മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. മധുസൂദനന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതോടെ ഇവിടുത്തെ താമസം ബുദ്ധിമുട്ടായി. തുടര്‍ന്ന് വാടക വീടെടുത്ത് താമസിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. നീലംപേരൂര്‍ പഞ്ചായത്തിലെ വാലടിയിലാണ് ഇപ്പോള്‍ ഈ കുടുംബം താമസിക്കുന്നത്. സന്ധ്യ ചങ്ങനാശേരിയില്‍ പോയി തയ്യല്‍ ജോലി ചെയ്ത് ലഭിക്കുന്ന ഏക വരുമാനം ഭര്‍ത്താവിന്‍റെ ചികിത്സയ്ക്ക് പോലും തികയുന്നില്ല. അതിനിടെ വാടകയും കുട്ടികളുടെ പഠനത്തിനുമുള്ള പണം കൂടി കണ്ടെത്തണം. 

നിലവില്‍ മധുസൂദനന് ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനായാല്‍ ഡിസംബറോടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സന്ധ്യ പറയുന്നു. അതിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. സഹായിക്കാന്‍ സന്നദ്ധരായവര്‍ക്ക് മധുസൂദനന്‍റെ പേരില്‍ കാവാലം എസ് ബി ഐ ശാഖയിലുള്ള 67246448693 എന്ന അക്കൗണ്ട് നമ്പരിലേക്ക് പണമയക്കാവുന്നതാണ്. IFSC Code: 0070229. ഫോണ്‍: 9562760971.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ