
മലപ്പുറം: മങ്കടയിൽ മോഷ്ടിച്ച ബൈക്കുമായി പോകവെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ പ്രതി പിടിയിൽ. തിരുവനന്തപുരം തോട്ടരികത്ത് രതീഷാണ് (28) പിടിയിലായത്. മങ്കടക്ക് സമീപം വെള്ളിലയിലാണ് അപകടം നടന്നത്. വള്ളിക്കാപ്പറ്റയിൽ ഡെക്കറേഷൻ കട നടത്തുന്ന മൊയ്തീൻ കുട്ടിയുടെ ബൈക്കാണ് മോഷ്ടിച്ചത്. രതീഷിന് പരിക്കേറ്റതറിഞ്ഞ് മങ്കട ട്രോമാകെയർ പ്രവർത്തകരായ നസീം, സമദ് എന്നിവർ സ്ഥലത്തെത്തി. ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ സംസാരത്തിൽ അസ്വാഭാവികത തോന്നിയതോടെ ഇവർ മങ്കട പൊലീസിൽ അറിയിക്കുകയായിരുന്നു.
മങ്കട സി ഐ വി സജിൻ ശശി, എസ് ഐ ഷംസുദ്ദീൻ, സി പി ഒമാരായ നവീൻ, അനീഷ്ഷാജി, അനിൽ ചാക്കോ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. വളാഞ്ചേരി, കടയ്ക്കൽ, പൂജപ്പുര, തമിഴ്‌നാട്ടിലെ പൂതപ്പാണ്ടി എന്നിവിടങ്ങളിലടക്കം പ്രതിക്കെതിരെ വാഹനമോഷണത്തിന് സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ആലത്തൂര്‍, ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട് നിർത്തിയിട്ട ബൈക്ക് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മോഷ്ടിച്ച ബൈക്ക് വിറ്റ ശേഷം രക്ഷപ്പെട്ടെന്ന് കരുതിയ മൂന്ന് പേരാണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. വടക്കഞ്ചേരി കാരയംകാട് സ്വദേശി ഉമാശങ്കർ (38), എരുമയൂർ സ്വദേശികളായ സന്തോഷ് (32), സതീഷ് (29) എന്നിവരാണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. ആക്രി കച്ചവടം നടത്തുന്നവരാണ് പ്രതികളായ മൂന്നുപേരുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച ആലത്തൂരിന് സമീപം ദേശീയപാത വാനൂരിൽ അപകടത്തിൽപ്പെട്ട ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് ശനിയാഴ്ച പകൽ 10 മണിക്ക് ശേഷം നഷ്ടപ്പെട്ടതായി ആലത്തൂർ പൊലീസിൽ പരാതി ലഭിച്ചത്. അപകടത്തിൽപ്പെട്ട ബൈക്കുടമ അഫ്സൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസ് സംബന്ധമായ ആവശ്യത്തിന് വാഹനം നിർത്തിയിട്ട ഭാഗത്തെത്തിയത്. പക്ഷേ സ്ഥലത്ത് ബൈക്ക് കാണാനില്ലാത്തതുകൊണ്ട് അഫ്സൽ നേരെ പൊലീസിനെ അറിയിക്കുകയായിരുന്നു. അഫ്സലിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് വൈകാതെ തന്നെ പ്രതികളെ പൊക്കുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും ആലത്തൂർ മജിസ്ട്രറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.