ഗതാഗത തടസ്സം ഭയന്ന് അനുമതിയില്ല; താമരശ്ശേരി ചുരം കയറാന്‍ ലോറികള്‍ റോഡരികില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 2 മാസം

Published : Nov 16, 2022, 07:58 AM IST
ഗതാഗത തടസ്സം ഭയന്ന് അനുമതിയില്ല; താമരശ്ശേരി ചുരം കയറാന്‍ ലോറികള്‍ റോഡരികില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 2 മാസം

Synopsis

തിരക്കില്ലാത്ത ദിവസം ലോറികള്‍ക്ക് ചുരം കയറാന്‍ അനുമതി നല്‍കാമെന്ന് കോഴിക്കോട് കലക്ടര്‍ നിയോഗിച്ച സമിതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല

താമരശ്ശേരി ചുരം കയറാന്‍ അനുമതിക്കായി രണ്ട് ട്രെയിലര്‍ ലോറികള്‍ റോഡരികില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു. സ്വകാര്യ കമ്പനിയുടെ കര്‍ണാടകയിലെ പ്ലാന്‍റിലേക്ക് കൂറ്റന്‍ യന്ത്രങ്ങളുമായി പുറപ്പെട്ട ട്രെയിലര്‍ ലോറികളാണ് അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്നത്. തിരക്കില്ലാത്ത ദിവസം ലോറികള്‍ക്ക് ചുരം കയറാന്‍ അനുമതി നല്‍കാമെന്ന് കോഴിക്കോട് കലക്ടര്‍ നിയോഗിച്ച സമിതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. യന്ത്ര സാമഗ്രഹികളുമായി പോവുന്നതിനാല്‍ കുറഞ്ഞ വേഗത്തിലാവും ട്രെയിലര്‍ ലോറികള്‍ പോവുക. 

സാധാരണ ദിവസങ്ങളില്‍ ചുരത്തില്‍ ഇത് കനത്ത ഗതാഗത തടസം സൃഷ്ടിക്കുമെന്നതാണ് അധികൃതരെ വലയ്ക്കുന്നത്. ശരാശരി ഒരു ദിവസം ഭീമൻ വാഹനത്തിന് 10 കി.മി മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ഈ ഭീമൻ വാഹനം ചുരം കയറുമ്പോൾ ആംബുലൻസുകൾക്ക് പോലും പോകാൻ വഴിയില്ലാത്ത സാഹചര്യവും ഉണ്ടാകുമെന്നും അധികൃതര്‍ പറയുന്നു. 

നേരത്തെ ചുരത്തിലെ എഴാം വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായി കര്‍ണാടകയുടെ  എ സി സ്ലീപ്പര്‍ കോച്ച് ബസ് അപകടത്തില്‍പ്പെട്ടിരുന്നു. നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്നാണ് നിന്നത്. മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍ കുടുങ്ങി കിടന്നതിനാല്‍ മാത്രമാണ് ബസ് താഴെക്ക് പതിക്കാതിരുന്നത്. ഐരാവത് വോൾവോ ബസ് റോഡിൽ നിന്നും മുൻ ചക്രം സുരക്ഷാ ഭിത്തിയും കടന്ന് പകുതി ഭാഗത്തോളം താഴെ കൊക്കയിലേക്ക് തൂങ്ങിയ നിലയിലായിരുന്നു നിന്നത്. അടുത്തിടെ ചുരം റോഡില്‍ അപകടങ്ങള്‍ പതിവ് കാഴ്ചയായിരുന്നു. 

ഒമ്പതാം വളവില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍ അകപ്പെട്ടുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിന് സാരമായ പരിക്കേറ്റിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ക്രൂയിസര്‍ ജീപ്പ് ഓടയിലേക്ക് ഇറങ്ങി യാത്രക്കാര്‍ക്ക് നിസാരപരിക്കേറ്റിരുന്നു. മലപ്പുറത്ത് നിന്ന് മേപ്പാടിയിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുടുംബമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി