
തൃശൂര്‍: വടക്കാഞ്ചേരി മാരാത്ത് കുന്ന് അകമലയിൽ ജനവാസ മേഖലയിൽ നിന്ന് പടുകൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. 12 അടിയോളം നീളമുള്ളതാണ് പെരുമ്പാമ്പ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിൻറെ സമീപത്ത് പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
അകമല കേളത്ത് ജയന്റെ വീട്ടു പരിസരത്തു നിന്നുമാണ് പടുകൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവർ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി, സുരക്ഷിതമായി പിന്നീട് വനത്തിനുള്ളിൽ തുറന്നുവിട്ടു.