തിരുവോണ ദിനത്തില്‍ 'തിരക്കോണം'; നിറഞ്ഞ് കലാവേദികള്‍, ജനനിബിഢമായി തലസ്ഥാന നഗരം

By Web TeamFirst Published Aug 30, 2023, 1:06 AM IST
Highlights

ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലും സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ എക്സിബിഷനിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

തിരുവനന്തപുരം: വരണ്ട അന്തരീക്ഷത്തിന് അവധി കൊടുത്ത് മഴ ചൊരിഞ്ഞെങ്കിലും തിരുവോണ നാളില്‍ തിരുവനന്തപുരം നഗരത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. ഓണം വാരാഘോഷങ്ങളുടെ മുഖ്യ കേന്ദ്രമായ കനകക്കുന്നിന് പുറമെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വേദികളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അയല്‍ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളും തിരുവോണസദ്യയ്ക്ക് ശേഷം ഓണക്കാഴ്ചകള്‍ കാണാന്‍ നഗരത്തിലേക്ക് ഒഴുകിയെത്തി.

ജില്ലയിലെ ഏതാണ്ടെല്ലാ കേന്ദ്രങ്ങളും വിനോദ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ക്രമീകരണങ്ങള്‍ എല്ലായിടങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നു.നിരവധി പൊലീസ് ഉദ്യോഗസ്ഥരെയാണ് മഫ്തിയിലും യൂണിഫോമിലുമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലും സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ എക്സിബിഷനിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

കുട്ടികള്‍ക്കായി ഒരുക്കിയ ഗെയിം സോണും ലക്ഷങ്ങള്‍ വില വരുന്ന അരുമമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്ന പെറ്റ്ഷോയുമാണ് കുടുംബങ്ങളുടെ ഫേവറിറ്റ് സ്പോട്ടെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ പാല്‍ക്കപ്പയും ബീഫും മധുരൈ ജിഗര്‍തണ്ടയും വിളമ്പുന്ന ഫുഡ്കോര്‍ട്ടാണ് ന്യൂജെന്‍ പിള്ളേരുടെ താവളം. ഇതിനുപുറമെ 31 വേദികളിലായി നടന്ന കലാപരിപാടികള്‍ കാണാനും വലിയ തിരക്കായിരുന്നു. നിശാഗന്ധിയിലെ കലാപരിപാടികള്‍ കണ്ട് ഇഷ്ടഭക്ഷണവും കഴിച്ച് നഗരത്തിലെ ദീപാലാങ്കാരവും ലേസര്‍ഷോയും ആസ്വദിച്ചാണ് എല്ലാവരും മടങ്ങിയത്.

നഗരത്തിലെ ഓണാഘോഷ വേദികള്‍ പോലെ തന്നെ ജില്ലയുടെ ഗ്രാമപ്രദേശങ്ങളിലെ വേദികളും സജീവമാണ്. നെടുമങ്ങാട്ടെ ഓണോത്സവവും അരുവിക്കരയിലെ ഓണനിലാവും, കാട്ടാക്കടയിലെ ഓണാഘോഷവും ആസ്വാദിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. കൂടാതെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖം, മടവൂര്‍പ്പാറ ബ്ലോട്ട് ക്ലബ്ബ്, വേളി ടൂറിസം വില്ലേജ്, ആക്കുളം ടൂറിസം വില്ലേജ് തുടങ്ങിയ സ്ഥലങ്ങളിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റേയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തില്‍ എല്ലാ ദിവസവും വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Read also: താളത്തിൽ തുടങ്ങും, കൊട്ടുമുറുകുമ്പോള്‍ ചുവടിന്‍റെ വേഗം കൂടും; ടൗണ്‍ സ്ക്വയറില്‍ കൊക്കമാന്തി കളിയെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!