
കോഴിക്കോട് : പിഎസ്‌സി വഴി നികത്തേണ്ട സഹകരണ ബാങ്കിലെ എല്ലാ ഒഴിവുകളും സമയബന്ധിതമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു.
വിരമിക്കല്‍, ഉദ്യോഗക്കയറ്റം എന്നിവ മുഖേന ജില്ലാ ബാങ്കില്‍ ഒഴിവ് വരികയാണെങ്കില്‍ താത്കാലിക നിയമനം നല്‍കാതെ അടിയന്തിരമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളില്‍ ലയനം നടക്കുകയാണെങ്കിലും ഒഴിവുകള്‍ വരുന്ന എല്ലാ തസ്തികകളിലും നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ജില്ലാ സഹകരണ ബാങ്കിന്‍റെ ജനുവരിയില്‍ പ്രസിദ്ധീകരിച്ച ക്ലാര്‍ക്ക്, കാഷ്യര്‍ തസ്തികയിലെ റാങ്ക് ഹോള്‍ഡര്‍ നല്‍കിയ പരാതിയിലാണ് നടപടി. കമ്മിഷന്‍ സഹകരണ സംഘം രജിസ്ട്രാറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയതിനാല്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ അധികം തസ്തികകള്‍ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിഎസ്‌സി മുഖേനയുള്ള നിയമനങ്ങള്‍ക്ക് വിലക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരള ബാങ്ക് രൂപീകരണത്തോട് അനുബന്ധിച്ച് എല്ലാ സഹകരണ ബാങ്കുകളിലെയും തസ്തികകള്‍ പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ നിന്നും 50 ല്‍ താഴെ നിയമനങ്ങള്‍ മാത്രമാണ് നടന്നതെന്ന് പരാതിക്കാരി കമ്മിഷനെ അറിയിച്ചു. കഴിഞ്ഞ 6 മാസത്തിനിടയില്‍ ആരെയും നിയമിച്ചിട്ടില്ല. മലപ്പുറം ജില്ലയില്‍ ക്ലാര്‍ക്കിന്‍റെ നിരവധി തസ്തികകള്‍ ഉണ്ടെങ്കിലും താത്കാലിക നിയമനം വഴി ഒഴിവുകള്‍ നികത്തുകയാണെന്നും പരാതിക്കാരി അറിയിച്ചു. സഹകരണസംഘം രജിസ്ട്രാര്‍ക്കാണ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam