
കൊച്ചി: കിടപ്പു രോഗിയായ പിതാവിനെ മകൻ വാടകവീട്ടിലാക്കി ഉപേക്ഷിച്ച് പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പിതാവ് ഷൺമുഖനെ മകൻ അജിത്താണ് ഉപേക്ഷിച്ചത്. കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളയുകയായിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ വലഞ്ഞു. അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും സീനിയർ സിറ്റിസൺ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
Read More : '29 മുറിവുകൾ, തെളിവായി വീഡിയോ കോളും സിസിടിവി ദൃശ്യങ്ങളും'; വിഷ്ണുപ്രിയ വധക്കേസിൽ ശിക്ഷ തിങ്കളാഴ്ച വിധിക്കും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam