Latest Videos

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു; 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് വയോധികൻ

By Web TeamFirst Published May 11, 2024, 10:36 AM IST
Highlights

2 ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ വലഞ്ഞു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം.

കൊച്ചി: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞു. എറണാകുളം എരൂരിൽ 70 പിന്നിട്ട ഷൺമുഖനാണ് ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി ഒരുദിവസം നരകിച്ച് കഴിഞ്ഞത്. കൗൺസിലറുടെ പരാതിയിൽ മകൻ അജിത്തിനെതിരെ കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് ഷൺമുഖനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാടകവീട്ടിൽ നിന്നും വീട്ടുപകരങ്ങൾ എടുക്കാൻ മറന്നില്ല. എന്നാൽ അച്ഛനെ വീടിനുള്ളിൽ പൂട്ടിയിട്ട് മകനും കുടുംബവും യാത്ര പോയിട്ട് ദിവസം രണ്ടായി. ഭക്ഷണം കിട്ടാതെ യൂറിൻ ബാഗ് പോലും മാറ്റാനാകാതെ കിടന്ന കിടപ്പിലായിരുന്നു വയോധികന്‍. മകൻ അജിത്തും രണ്ട് പെൺമക്കളുമുണ്ട് ഷൺമുഖന്. ഇവർ തമ്മിൽ കുടുംബപ്രശ്നവും സാമ്പത്തിക തർക്കങ്ങളുമുണ്ടെന്നായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാൽ ഈ കുരുക്കിൽ പെട്ട് ജീവിതം നരകമായത് എഴുപത് പിന്നിട്ട ഷൺമുഖനായിരുന്നു. കൗൺസിലറുടെ പരാതിയിലാണ് തൃപ്പൂണിത്തുറ പൊലീസ് മകനെതിരെ കേസെടുത്തത്. സംഭവത്തില്‍ അജിത്തോ പെൺമക്കളോ പൊലീസിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

വൈറ്റില സ്വദേശി ഷൺമുഖൻ അപകടത്തിൽപെട്ടാണ് കിടപ്പിലായതാണ്. മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. മാസങ്ങളായി വാടക കുടിശ്ശികയാണെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. അജിത്തും കുടുംബവും വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു. എന്നാൽ ഇന്നലെ രാത്രി അയൽക്കാർ വിവരമറിയിച്ചപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് കടന്ന് കളഞ്ഞെന്ന വിവരം വീട്ടുടമസ്ഥൻ അറിയുന്നത്. വിവരം പുറത്ത് വന്നതോടെ ഷൺമുഖനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. വിഷയത്തിൽ സബ് കളക്ടറോട് എറണാകുളം ജില്ല കളക്ടർ റിപ്പോർട്ട് തേടി. വയോജന സംരക്ഷണ ചട്ടം പ്രകാരം നിയമനടപടികൾ എടുക്കാനാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!