
കോഴിക്കോട്: 18 വര്‍ഷം സഹോദരനെ സംരക്ഷിച്ച വനിതയുടെ പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സഹോദരന്‍റെ മരണശേഷം സ്വത്ത് തട്ടിയെടുക്കാന്‍ ഭാര്യയെന്ന് അവകാശപ്പെട്ട് വനിതയ്ക്കെതിരെയാണ് ഫറോക്ക് ഈസ്റ്റ് നല്ലൂർ സ്വദേശിനി കെ.ചന്ദ്രിക മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സഹോദരന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ മരണ ശേഷം ഭാര്യയെന്ന് അവകാശപ്പെട്ട് എത്തിയ സ്ത്രീ പന്നിയങ്കര പൊലീസിൻ്റെ സഹായത്തോടെ സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ചന്ദ്രികയുടെ പരാതി.
പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വിശദമാക്കി. ഫറോക്ക് പൊലീസ് അസിസ്റ്റൻറ് കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്. ജൂലൈ 5 നാണ് പരാതിക്കാരിയുടെ സഹോദരൻ ബാലകൃഷ്ണൻ മരിച്ചത്. താനും സഹോദര പുത്രിയായ രചനയുമാണ് ബാലക്യഷ്ണനെ പരിചരിച്ചതെന്ന് പരാതിക്കാരി അവകാശപ്പെടുന്നത്. മാഹി സ്വദേശിനിയായ പത്മാവതിയാണ് ഭാര്യ എന്ന് അവകാശപ്പെട്ട് സഹോദരൻ്റെ മരണത്തിന് ഒരു മാസത്തിന് ശേഷം എത്തിയതെന്ന് പരാതിയില്‍ ചന്ദ്രിക പറയുന്നു. പന്നിയങ്കര പൊലീസിൻ്റെ പിന്തുണയോടെ ബാലകൃഷ്ണൻ്റെ വീട് കൈക്കലാക്കാൻ ഇവർ ശ്രമിക്കുകയാണെന്നും പരാതി വിശദമാക്കുന്നു.
വീടിൻ്റെ ആധാരം സൂക്ഷിക്കാൻ ബാലകൃഷ്ണൻ മറ്റൊരാളെ ഏൽപ്പിച്ചിരുന്നു. ഈ ആധാരം സ്റ്റേഷനിലെത്തിക്കണമെന്നാണ് പൊലീസിൻ്റെ ആവശ്യം. സിവിൽ സ്വഭാവത്തിലുള്ള പരാതിയിൽ പൊലീസ് അവിഹിതമായി ഇടപെടുകയാണെന്നും പരാതി ആരോപിക്കുന്നു. ബാലകൃഷ്ണൻ ഒസ്യത്ത് തയ്യാറാക്കി മലപ്പുറം സ്വദേശിയായ അഡ്വ.ഹരികുമാറിനെ ഏൽപ്പിച്ചിട്ടുണ്ട്. ഒസ്യത്ത് കമ്മീഷൻ പരിശോധിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam