ഉടമയറിയാതെ വയർ ബോർഡ് സ്ഥാപിച്ച് കെഎസ്ഇബി, ഉദ്യോഗസ്ഥരിൽ നിന്ന് പണമീടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : May 07, 2022, 07:50 PM ISTUpdated : May 07, 2022, 07:51 PM IST
ഉടമയറിയാതെ വയർ ബോർഡ് സ്ഥാപിച്ച് കെഎസ്ഇബി,  ഉദ്യോഗസ്ഥരിൽ നിന്ന് പണമീടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Synopsis

വസ്തു ഉടമയുടെ അറിവോ സമ്മതമോ കൂടാതെ വസ്തുവിലൂടെ വൈദ്യുതി ബോർഡ് സ്ഥാപിച്ച വയർ ഒരു മാസത്തിനകം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.  ഇതിനാവശ്യമായ ചെലവ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം.

കൊല്ലം: വസ്തു ഉടമയുടെ അറിവോ സമ്മതമോ കൂടാതെ വസ്തുവിലൂടെ വൈദ്യുതി ബോർഡ് സ്ഥാപിച്ച വയർ ഒരു മാസത്തിനകം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.  ഇതിനാവശ്യമായ ചെലവ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം. ബോർഡിന്റെ സ്വന്തം ചെലവിൽ വയർ നീക്കി  വിവരം കമ്മീഷനെ അറിയിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.  വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയർക്കാണ് ഉത്തരവ് നൽകിയത്. കൊല്ലം പരവൂർ കോട്ടപ്പുറം  സ്വദേശിനി പ്രസന്നാ സുരേന്ദ്രന്റെ വസ്തുവിൽ സ്ഥാപിച്ച  വയർ നീക്കാനാണ് ഉത്തരവ്.  മറ്റൊരാൾക്ക് കണക്ഷൻ നൽകാൻ വേണ്ടിയാണ് പരാതിക്കാരിയുടെ വസ്തുവിൽ വയർ സ്ഥാപിച്ചത്.  അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ 75% തുക അടയ്ക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. 

പാരിപ്പള്ളി ഇലക്ട്രിക്കൽ അസിസ്റ്റന്റ് എഞ്ചിനീയർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ വയർ നീക്കം ചെയ്യാൻ  ആവശ്യമായ തുക പരാതിക്കാരി തന്നെ ഒടുക്കണമെന്ന് പറയുന്നു.  25% തുക ബോർഡ് വഹിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.  അനധികൃതമായി സ്ഥാപിച്ച വയർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ വൈദ്യുതി ബോർഡ് പോലീസുമായെത്തി വിരട്ടിയതായി പരാതിയിൽ പറയുന്നു.  കമ്മീഷൻ ഇലക്ട്രിസിറ്റി  സപ്ലൈ കോഡ് പരിശോധിച്ചു.  പരാതിക്കാരിയുടെ ആവശ്യപ്രകാരമല്ല വയർ സ്ഥാപിച്ചതെന്ന് കമ്മീഷൻ  കണ്ടെത്തി.  വയർ നീക്കം ചെയ്യാൻ ചെലവാകുന്ന തുക വയർ സ്ഥാപിച്ച ബോർഡ് ഉദ്യോഗസ്ഥരിൽ നിന്നും മൊത്തമായോ തവണകളായോ ഈടാക്കാവുന്നതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  ആർക്കെങ്കിലും കണക്ഷൻ കിട്ടണമെങ്കിൽ  അതിനുള്ള ചിലവ് അവർ തന്നെ വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ