വീട്ടമ്മക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Jun 27, 2020, 4:19 PM IST
Highlights

ഉള്ളിയേരി സ്വദേശിനി സജ്മി ലിനീഷിന്റെ പരാതിയിലാണ് നടപടി. ഒറ്റമുറി വീടും ഒരു ഷെഡുമാണ് സജ്മി വായ്പയെടുത്ത് നിർമ്മിച്ചത്. വൈദ്യുതി കണക്ഷൻ എടുക്കുന്നതിനായി പരാതിക്കാരി പഞ്ചായത്തിൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി.

കോഴിക്കോട്: വീട്ടിലേക്ക് വഴിയില്ലെന്ന് പറഞ്ഞ് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് നിർദ്ധനയായ വീട്ടമ്മക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയിൽ സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ കളക്ടറും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറും പരാതി പൂർണമായും പരിഹരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

ഉള്ളിയേരി സ്വദേശിനി സജ്മി ലിനീഷിന്റെ പരാതിയിലാണ് നടപടി. ഒറ്റമുറി വീടും ഒരു ഷെഡുമാണ് സജ്മി വായ്പയെടുത്ത് നിർമ്മിച്ചത്. വൈദ്യുതി കണക്ഷൻ എടുക്കുന്നതിനായി പരാതിക്കാരി പഞ്ചായത്തിൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി. ലോക്കേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ പഞ്ചായത്ത് നിർദ്ദേശിച്ചു. വില്ലേജ് ഓഫീസ് നൽകിയ ലോക്കേഷൻ സർട്ടിഫിക്കേറ്റിൽ വീടിന് വഴി കാണിച്ചിരുന്നില്ല. എന്നാൽ വസ്തുവിന്റെ പ്രമാണത്തിൽ വഴി പറഞ്ഞിട്ടുള്ളതായി പരാതിയിൽ പറയുന്നു. വഴിയില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നിഷേധിച്ചു. 

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പരാതിക്കാരിക്ക് വൈദ്യുതി കണക്ഷൻ എടുക്കാൻ കഴിയുന്നില്ല. പരാതിക്കാരിയുടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു.
പ്രമാണത്തിൽ വഴി പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിഷേധിക്കുന്നത് തെറ്റാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.

click me!