
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന പരാതി ഡി.വൈ.എസ്.പി തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം ഫലപ്രദവും സുതാര്യവുമായിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. യഥാർത്ഥ കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിച്ച് ശിക്ഷ വാങ്ങി നൽകണം. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ ഗുരുതര ആക്രമണത്തിന് ഇരയായത് ഗൗരവതരമാണെന്നും സീനിയർ ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നൽകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ജൂൺ 5 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി ഡി വൈ എസ് പി ഹാജരാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ചന്തവിള കുറട്ടൂർ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലീല(62) ക്കാണ് മർദ്ദനമേറ്റത്. ഏപ്രിൽ 29 ന് പുലർച്ചെയായിരുന്നു സംഭവം. നാലുമണിക്കൂർ ബോധമില്ലാതെ കിടന്നു. പിന്നീട് വീട്ടിൽ നിന്നും ഇഴഞ്ഞിറങ്ങി റോഡരികിൽ കിടന്നു. മകന്റെ മരണ ശേഷം തനിച്ചായിരുന്നു ലീല താമസിച്ചിരുന്നത്. ഇവരും അയൽവാസിയുമായി തർക്കമുണ്ടായതായി പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam