
കോഴിക്കോട്: കോഴിക്കോട് നന്തി കടലൂരിൽ ഇടിമിന്നലേറ്റ് കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മീൻ പിടിക്കാൻ പോവുന്ന മത്സ്യത്തൊഴിലാളികൾ കടലിൽ അകപ്പെടുമ്പോൾ ചുമതലപ്പെട്ടർ ഒഴിഞ്ഞുമാറുകയാണെന്ന പരാതിയിലാണ് നടപടി. തീരദേശ പൊലീസ് അഡീഷണൽ ഡി ജി പിയും തുറമുഖ വകുപ്പ് ഡയറക്ടറും മൂന്ന് ആഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് അബ്ദുൾ റസാഖ് കടലിൽ അകപ്പെട്ടത്. നാട്ടുകാർ അറിയിച്ചിട്ടും റസാഖിനെ കണ്ടെത്താൻ കോസ്റ്റ് ഗാർഡ് തെരച്ചിൽ ആരംഭിച്ചത് 12 മണിക്കൂറിന് ശേഷമാണെന്നാണ് പരാതി. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ നന്തി തീരത്ത് തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. തിരച്ചിൽ തുടങ്ങാൻ വൈകിയതിനെതിരായ പരാതികളിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലുണ്ടായിരിക്കുന്നത്.
സംഭവം ഇങ്ങനെ
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മീൻ പിടിക്കാനായി പോയ ആലിയ മോൾ ബോട്ട് അപകടത്തിൽ പെട്ടത്. ശക്തമായ കാറ്റിലും മഴയിലും ബോട്ടിന് നിയന്ത്രണം വിട്ടു. ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളികളായ റസാഖ്, അഷ്റഫ് എന്നിവർ കടലിലേക്ക് തെറിച്ച് വീണു. മത്സ്യത്തൊഴിലാളികൾക്ക് അഷ്റഫിനെ കണ്ടെത്താനായി. തിരയിൽ പെട്ടുപോയ റസാഖിനെ കണ്ടെത്താനാകാതെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു, പക്ഷേ ആരുമെത്തിയില്ല. വടകര തീരദേശ സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ബോട്ട് കേടാണെന്നായിരുന്നു മറുപടി. ബേപ്പൂരില്‍ നിന്ന് കിട്ടിയ മറുപടിയാകട്ടെ സംഭവം നടന്നത് തങ്ങളുടെ പരിധിയിലല്ലെന്നായിരുന്നു. മറൈൻ എൻഫോഴ്സ്മെന്റ് എത്തിയെങ്കിലും അവരുടെ കയ്യിൽ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുണ്ടായിരുന്നതുമില്ല. തുടർന്ന് നാട്ടുകാർ കൊയിലാണ്ടി ദേശീയപാത ഉപരോധിച്ച ശേഷമാണ് എം എൽ എയടക്കമുള്ളവർ അപകടം നടന്ന് 12 മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയത്. പിന്നീട്, ഒരു ദിവസത്തിന് ശേഷം മത്സ്യത്തൊഴിലാളികൾ തന്നെയാണ് നന്തി കടലിൽ നിന്ന് റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് കാരണമായത് ഉത്തരവാദിത്തപ്പെട്ടവരുടെ അലംഭാവമെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയും സംഭവ സ്ഥലത്തുളള ദൃശ്യങ്ങളും ഏഷാനെറ്റ് ന്യൂസ് വാർത്തയാക്കിയിരുന്നു. ഈ വാര്‍ത്തയുടെ ഉള്‍പ്പെടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഫെബ്രുവരിയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം