
പൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യന്‍റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിശദ പരിശോധനക്കായി മൃതദേഹാവശിഷ്ടങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഭാരതപ്പുഴയിൽ നരിപ്പറമ്പിൽ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്ത് നിന്നും മനുഷ്യന്‍റെ എല്ലുകൾ കണ്ടെത്തിയത്.
കലുങ്കിനോട് ചേർന്ന് പായലും, ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകൾ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊന്നാനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുപ്പെലിന് സ്റ്റീൽ ഇട്ട തരത്തിലാണ് എല്ലുകൾ ലഭിച്ചത്. ഏകദേശം ഒരു വർഷത്തെ പഴക്കമുള്ള എല്ലുകളാണെന്നാണ് പ്രാഥമിക നിഗമനം.
സ്റ്റീൽ കൂടി എല്ലിനൊപ്പം ലഭിച്ചതിനാൽ ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഭാരതപ്പുഴയിൽ മുങ്ങി മരിച്ചവരുടേയോ, കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ചതാണോ എന്നതടക്കം എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പുഴയിൽ നിന്നും ലഭിച്ച എല്ലുകൾ വിശദ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam