കാട്ടുപോത്ത് ഇറച്ചി വീതം വയ്പ്പിനിടെ അന്വേഷണവുമായി വനപാലകര്‍; പട്ടിയെ അഴിച്ച് വിട്ട് വേട്ടക്കാര്‍

By Web TeamFirst Published Jan 21, 2021, 9:22 PM IST
Highlights

താമരശ്ശേരി റെയ്ഞ്ചിലെ പൂവാറംത്തോട് തമ്പ്രാൻക്കൊല്ലി ഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി ഉണക്കി  പങ്കിടുന്നെന്ന വിവരം ലഭിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വേട്ടക്കാര്‍ പട്ടിയെ തുറന്ന് വിട്ടത്. 

കോഴിക്കോട്: കാട്ടുപോത്തിനെ വേട്ടയാടുന്നുവെന്ന വിവരത്തിന് പിന്നാലെ അന്വേഷിക്കാനെത്തിയ വനപാലകര്‍ക്ക് നേരെ പട്ടികളെ തുറന്ന് വിട്ട് സംഘം. താമരശ്ശേരി റെയ്ഞ്ചിലെ പൂവാറംത്തോട് തമ്പ്രാൻക്കൊല്ലി ഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി ഉണക്കി  പങ്കിടുന്നെന്ന വിവരം ലഭിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വേട്ടക്കാര്‍ പട്ടിയെ തുറന്ന് വിട്ടത്. 

ഇതിന് പിന്നാലെ ഇവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് തിരുവമ്പാടി പൊലീസിന്‍റെ സഹായത്തോടെ  നടത്തിയ റെയ്ഡില്‍ അമ്പത് കിലോയോളം കാട്ട് പോത്തിറച്ചി ഉണങ്ങിയതാണ് പിടിച്ചെടുത്തത്. കാക്ക്യാനിയിൽ ജിൽസന്റെ താമസസ്ഥലത്ത് നിന്നാണ് ഇത് കണ്ടെത്തിയത്.  ഇറച്ചിക്ക് പുറമേ രണ്ടു തോക്കുകൾ, 18 തിരകൾ, അഞ്ച് വെട്ടുകത്തികൾ,  മഴു, വടിവാൾ, വെടിക്കോപ്പുകൾ, ഹെഡ്ലൈറ്റ് എന്നിവയും കണ്ടെടുത്തു. 

കാക്ക്യാനിയിൽ ജിൽസൻ, പൂവാറംത്തോട് കയ്യാലക്കകത്ത് വിനോജ്, പെരുമ്പൂള ബേബി, പെരുമ്പൂള ജയ്സൺ, പെരുമ്പൂള വിജേഷ്, കണ്ടാൽ അറിയുന്ന ഒരാളുമാണ് വേട്ടനായക്കളെ ഉപയോഗിച്ച് വനം ഉദ്യോഗസ്ഥരെ ആക്രമിച്ച്  രക്ഷപ്പെട്ടതെന്ന്  ഉദ്യോഗസ്ഥർ വിശദമാക്കി. റെയ്ഡിൽ താമരശ്ശേരി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ. സജീവ് കുമാർ, ബി.കെ. പ്രവീൺ കുമാർ, ബീറ്റ് ഫോറസ്റ്റർമാരായ പി.വി. വിജയൻ ,ശ്വേത പ്രസാദ്, എം.എസ്. പ്രസൂദ, വാച്ചർമാരായ മോഹനൻ, രാജു രവി എന്നിവർ പങ്കെടുത്തു.

click me!