പഴുതടച്ച് പൊലീസ്; അവസാനം കട്ടന്‍ ബസാര്‍ കാസിനോ സംഘം വലയില്‍

By Web TeamFirst Published Jan 21, 2021, 7:19 PM IST
Highlights

പൊലീസ് സ്റ്റേഷന്‍ മുതല്‍ കളിസ്ഥലത്ത് എത്തുന്ന എല്ലാ വഴികളിലും ചീട്ടുകളി സംഘം കാവല്‍ക്കാരെ നിര്‍ത്തിയിരുന്നു. കളിസ്ഥലത്ത് എത്തുക എന്നത് ഏറെ പ്രയാസകരമായ കാര്യമായതിനാല്‍ പൊലീസ് സംഘം താടിയും മുടിയുമൊക്കി വളര്‍ത്തി കളി നടക്കുന്നതിനു മുന്‍പുതന്നെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു.
 

തൃശൂര്‍: കട്ടന്‍ ബസാറിലെ കുപ്രസിദ്ധ ചീട്ടുകളി സംഘമായ കട്ടന്‍ ബസാര്‍ കാസിനോ സംഘം ഒടുവില്‍ പൊലീസ് വലയില്‍. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് സംഘത്തെ പൊലീസ് പിടികൂടിയത്. കുപ്രസിദ്ധമായ കാസിനോ സംഘം ജില്ലയിലെ പണംവെച്ചുള്ള ചീട്ടുകളിയുടെ കേന്ദ്രമാണ്. ഏറെപ്പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഘത്തെ പിടികൂടാന്‍ പൊലീസ് ഏറെക്കാലമായി വലവിരിച്ചിരിക്കുകയാണ്. പറയാട് കല്ലൂപ്പുറത്ത് നിജിത്ത്, കുട്ടമംഗലം സ്വദേശികളായ ബദറുദീന്‍, മജീദ്, കൂളിമുട്ടം സ്വദേശി സലാം, വലിയ പാലംതുരുത്ത് ഷെറിന്‍ ലാല്‍, എടത്തിരുത്തി സ്വദേശി യൂസഫ് എന്നിവരെയാണ് ഒരു ലക്ഷത്തി പതിനാറായിരം രൂപയും കളി സാമഗ്രികളും സഹിതം പിടികൂടിയത്.

പൊലീസ് സ്റ്റേഷന്‍ മുതല്‍ കളിസ്ഥലത്ത് എത്തുന്ന എല്ലാ വഴികളിലും ചീട്ടുകളി സംഘം കാവല്‍ക്കാരെ നിര്‍ത്തിയിരുന്നു. കളിസ്ഥലത്ത് എത്തുക എന്നത് ഏറെ പ്രയാസകരമായ കാര്യമായതിനാല്‍ പൊലീസ് സംഘം താടിയും മുടിയുമൊക്കി വളര്‍ത്തി കളി നടക്കുന്നതിനു മുന്‍പുതന്നെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു. 

ഏക്കറുകള്‍ വരുന്ന പറമ്പിന്റെ അഞ്ചു ഭാഗത്തായി തീഷ്ണതയേറിയ ടോര്‍ച്ചുകളുമായി കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. കളിക്കുമുന്‍പായി ഇവര്‍ പരിസരം നിരീക്ഷിക്കുകയും കളിക്കാര്‍ക്ക് വേണ്ട മദ്യവും ഭക്ഷണവുംഎത്തിച്ച ശേഷം സിഗ്‌നല്‍ നല്‍കിയ ശേഷം മാത്രമേ ചീട്ടു കളിസംഘം എത്തുമായിരുന്നുള്ളൂ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തില്‍ പലര്‍ക്കും പരസ്പരം അറിയുക പോലും ഇല്ല. 

വിവിധ സ്ഥലങ്ങളില്‍ നിന്നും ഒരു വാഹനത്തില്‍ സംഘത്തെ എത്തിക്കുന്ന സംഘാടകര്‍ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ ശേഷമേ ആളുകളെ വാഹനത്തില്‍ കയറ്റാറുള്ളൂ. കളിക്കു ശേഷം വീണ്ടും പഴയ സ്ഥലത്ത് എത്തിക്കും. കളി നടത്തിപ്പ്കാര്‍ക്ക് മാസം അഞ്ച് ലക്ഷത്തോളം രൂപയാണ് വരുമാനം, കാവല്‍ക്കാര്‍ക്ക്, പണത്തിനു പുറമേ മദ്യവും കൂലിയായി നല്‍കും. 

തൃശൂര്‍ റൂറല്‍ എസ്പി വിശ്വനാഥ് കജടന്റെ നിര്‍ദ്ദേശപ്രകാരം, ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജോ എംജെയും തൃശൂര്‍ റൂറല്‍ ജില്ല ക്രൈംബ്രാഞ്ച്  എസ്‌ഐ എം പി മുഹമ്മദ് റാഫി, എഎസ്‌ഐമാരായ പി. ജയകൃഷ്ണന്‍, സിഎ ജോബ്, സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരായ സൂരജ് വി. ദേവ് മിഥുന്‍ കൃഷ്ണ പൊലീസ് ഉദ്യോഗസ്ഥരായ അനൂപ് ലാലന്‍, മാനുവല്‍ കൂടാതെ സായുധ സേന പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പിടികൂടിയത്.
 

click me!