നാടന്‍ വാറ്റും പുള്ളിമാന്‍ വേട്ടയും; നായാട്ട് സംഘങ്ങൾ വയനാട്ടില്‍ പിടിയിൽ, മാനിറച്ചി കണ്ടെത്തി

By Web TeamFirst Published Sep 1, 2020, 12:19 AM IST
Highlights

കുറിച്യാട് റെയിഞ്ചിലെ ചെതലയം വളാഞ്ചേരികുന്ന് ഭാഗത്ത് വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിൽ ആണ് പുള്ളിമാനുകളെ നായാട്ട് സംഘം കെണിവച്ച് വേട്ടയാടിയത്. 

വയനാട്: വയനാട് ജില്ലയിൽ രണ്ട് ഇടങ്ങളിലായി നായാട്ട് സംഘങ്ങൾ പിടിയിൽ. കുറിച്യാട് ചെതലയം വനാതിർത്തിയിൽ പുള്ളിമാനുകളെ വേട്ടയാടിയ രണ്ട് പേരും, പാമ്പ്ര എസ്‌റ്റേറ്റ് കേന്ദ്രീകരിച്ച് നാടൻ വാറ്റും മൃഗവേട്ടയും നടത്തി വന്ന മൂന്നംഗ സംഘവുമാണ് പിടിയിലായത്.

കുറിച്യാട് റെയിഞ്ചിലെ ചെതലയം വളാഞ്ചേരികുന്ന് ഭാഗത്ത് വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിൽ ആണ് പുള്ളിമാനുകളെ നായാട്ട് സംഘം കെണിവച്ച് വേട്ടയാടിയത്. ചെതലയം വളാഞ്ചേരിക്കുന്ന് സ്വദേശികളാണ് പിടിയിലായ ഷാബുവും സാജുവും. ഇവരുടെ കൂട്ടാളികളായ ബിജു, ജോയി, ജോളി എന്നിവർ ഒളിവിലാണ്. ഇവർക്കായി വനം വകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കി. 

പിടിയിലായ ഷാബുവിനിറെ കൃഷിയിടത്തിലും സമീപത്തുമായി സ്ഥാപിച്ച കെണിയിലാണ് രണ്ട് പുള്ളിമാനുകൾ കുടുങ്ങിയത്. തുടർന്ന് അഞ്ച് പേർ ചേർന്ന് മാനുകളെ കൊന്ന് പാചകം ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഷാബുവിന്‍റെ വീട്ടിൽ നിന്നും പാകം ചെയ്ത 4 കിലോ മാനിറച്ചിയും കണ്ടെടുത്തതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. 

പിടികൂടി കൊലപ്പെടുത്തിയ പുളളി മാനുകളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു. അതിനിടെ പാമ്പ്ര എസ്‌റ്റേറ്റ് കേന്ദ്രീകരിച്ച് നാടൻ വാറ്റും മൃഗവേട്ടയും നടത്തി വന്ന മൂന്നംഗ സംഘവും ഇന്ന് പിടിയിലായി. പുൽപ്പള്ളി അമരക്കുനി സ്വദേശി സുമേഷ്,അഞ്ചുക്കുന്ന് കാരക്കാമല സ്വദേശി ബാലകൃഷ്ണൻ മാനന്തവാടി പിലാക്കാവ് സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. 

വാറ്റ് ചാരായ കേസ്സിൽ പിടിയിലായ സംഘത്തെ ചോദ്യംചെയ്തപ്പോഴാണ് തോക്ക് ഉപയോഗിച്ച് മൃഗവേട്ട നടത്തിയതായി പ്രതികൾ സമ്മതിച്ചത്. വനം വകുപ്പ് പുൽപ്പള്ളി ഇരുളത്ത് സ്ഥാപിച്ചിരുന്ന ക്യാമറ മോഷണം പോയ പരാതിയിൽ കേണിച്ചിറ പൊലീസ് അന്വേഷണം നടത്തി വരവെയാണ് സംഘത്തിലെ സുമേഷും ബാലകൃഷ്ണനും പിടിയിലായത്. രണ്ടര ലിറ്റർ വാറ്റും ,25 ലിറ്റർ വാഷും ,വാറ്റ് ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 

പാന്പ്ര ഐസക്സ് കോഫി പ്ലാന്റേഷൻ ലയത്തിലും ,ഓഫീസ് മുറിയിലും സൂക്ഷിച്ചിരുന്ന നാടൻ തോക്കും ,തിരകളും വേട്ടയാടിയ കാട്ടാടിന്റെ അവശിഷ്ട്ടങ്ങളും പൊലീസ് കണ്ടെടുത്തു. കേസ്സിൽ വേറേയും പ്രതികൾ ഉള്ളതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

click me!