സര്‍ക്കാര്‍ സഹായം കോടികള്‍, എന്നിട്ടും ഇടമലക്കുടി ഹെല്‍ത്ത് സെന്‍ററില്‍ ആകെയുള്ളത് പാരസറ്റാമോള്‍ മാത്രം!

Published : Oct 26, 2022, 03:54 PM IST
സര്‍ക്കാര്‍ സഹായം കോടികള്‍, എന്നിട്ടും ഇടമലക്കുടി ഹെല്‍ത്ത് സെന്‍ററില്‍ ആകെയുള്ളത് പാരസറ്റാമോള്‍ മാത്രം!

Synopsis

കുട്ടികള്‍ക്കുള്ള ആന്‍റിബയോട്ടിക് സിറപ്പുകള്‍ പോലും ഹെല്‍ത്ത് സെന്‍ററിലില്ല. പ്രഷറിനും ഷുഗറിനും പനിക്കുള്ള മരുന്നുകളും മാത്രമാണ് ഇപ്പോള്‍ ഹെല്‍ത്ത് സെന്‍ററില്‍ ലഭ്യമായിട്ടുള്ളത്. 


മൂന്നാര്‍:  ഇടമലക്കുടിയുടെ ചികിത്സാ ദുരിതത്തിന് ഇനിയും അറുതിയായില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഇപ്പോഴും നാല്‍നടയായി കാടും മേടുമിറങ്ങി ചികിത്സ തേടേണ്ട അവസ്ഥയിലാണ്. സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് മരുന്നുകളുടെ ദൗര്‍ലഭ്യം മൂലം ചികില്‍സ നല്‍കാന്‍ കഴിയുന്നില്ലെന്ന് ഇടമലക്കുടി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു. പനിയടക്കമുള്ള രോഗം ബാധിച്ചെത്തുന്നവര്‍ക്ക് ആകെ നല്‍കുന്നത് പാരസറ്റാമോള്‍ മാത്രമാണ്. 

ആന്‍റിബയോട്ടിക്ക് മുരുന്നുകളുടെ ലഭ്യത ഇല്ലാതായതോടെ രോഗികള്‍ക്ക് ക്യത്യമായ ചികില്‍സ നല്‍കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികള്‍ക്കുള്ള ആന്‍റിബയോട്ടിക് സിറപ്പുകള്‍ പോലും ഹെല്‍ത്ത് സെന്‍ററിലില്ല. പ്രഷറിനും ഷുഗറിനും പനിക്കുള്ള മരുന്നുകളും മാത്രമാണ് ഇപ്പോള്‍ ഹെല്‍ത്ത് സെന്‍ററില്‍ ലഭ്യമായിട്ടുള്ളത്. കുടിയില്‍ നിന്നുമെത്തുന്ന രോഗികള്‍ക്ക് വിശദമായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

വൈദ്യുതി മുടക്കം പതിവായത് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. ഹെല്‍ത്ത് സെന്‍റിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ ആവശ്യമായ താമസ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ വിദൂരങ്ങളിലെ കുടികളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്യത്യമായ ചികില്‍സ നല്‍കാന്‍ കഴിയാത്ത അവസ്ഥായാണ് ഉള്ളത്. ഇതോടെ പ്രശ്‌നത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയര്‍ന്നു.

ഇടമലക്കുടിക്കായി സര്‍ക്കാര്‍ കോടികള്‍ അനുവദിച്ചിട്ടും അടിസ്ഥാന വികസനം പോലും നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിയാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നു. രാജമലയില്‍ നിന്നും കുടിയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ കുടിയിലേക്ക് വാഹന സൗകര്യമില്ല. അതുപോലെ തന്നെ കുടികള്‍ക്കിടയിലുള്ള റോഡും പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്. 

ഇപ്പോഴും നാല്‍നടയായി മാത്രമേ ഇതുവഴി പോകാന്‍ കഴിയൂ. സര്‍ക്കാര്‍ ലോണില്‍ പണി ആരംഭിച്ച കുടികളിലെ വീടുകള്‍ പലതും കൃത്യമായി പണം കൈമാറാത്തതിന്‍റെ പേരില്‍ നിര്‍മ്മാണം പാതി വഴി നിലച്ച അവസ്ഥയിലാണ്. അതുപോലെ തന്നെ രൂക്ഷമായ കുടിവെള്ള പ്രശ്നവും കുടിയിലുള്ളവര്‍ നേരിടുന്നു. ശൗച്യാലയങ്ങള്‍ പലതും ഉപയോഗ ശൂന്യമായി. ഇടമലക്കുടിയുടെ ശോചനീയാവസ്ഥ പരിഹരിക്കാനും ഹെല്‍ത്ത് സെന്‍ററിലേക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എംഡിഎംഎയുമായെത്തിയ പ്രതിയെ പിടികൂടി എക്സൈസ്, ഉദ്യോഗസ്ഥരെ കടിച്ച് പരുക്കേൽപ്പിച്ച് രക്ഷപെടാൻ ശ്രമം
വീട് പണിക്ക് പോയത് 4 പേർ, 3 പേർ ചായ കുടിക്കാൻ പുറത്ത് പോയി, വന്നപ്പോൾ കണ്ടത് 18കാരൻ കഴുത്ത് മുറിച്ച് മരിച്ചു കിടക്കുന്നത്