ഇടമലക്കുടിയുടെ കുരുന്നുകള്‍ ശാസ്‌ത്രോത്സവത്തിനെത്തിയത് എട്ടുമണിക്കൂര്‍ നടന്ന്

By Jansen MalikapuramFirst Published Oct 11, 2019, 10:41 AM IST
Highlights

കുട, സോപ്പ്, പാവ നിര്‍മ്മാണത്തിന് പുറമെ വോളിബോള്‍ നെറ്റ്, മുത്തു കൊണ്ടുള്ള ഉത്പ്പന്നം, ലോഹത്തകിടുകള്‍, മരത്തിലെ കൊത്തുപണികളും ശാസ്‌ത്രോത്സവത്തോട് അനുബന്ധിച്ച് കുട്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്

ഇടുക്കി: മൂന്നാറില്‍ നടക്കുന്ന ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ഇടമലക്കുടിയിലെ കുരുന്നുകള്‍ എത്തിയത് എട്ടുമണിക്കൂര്‍ കാട്ടുപാതയിലൂടെ കാല്‍നടയായി. കാലവര്‍ഷത്തെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ റോഡ് പൂര്‍ണ്ണമായി ഇല്ലാതായിട്ട് രണ്ടുമാസം പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. 

വല്ലപ്പോഴും ലഭിക്കുന്ന ഫോണ്‍ബന്ധത്തിലൂടെയാണ് പലപ്പോഴും അധ്യാപകര്‍ ഇടമലക്കുടിക്കാരുടെ കഷ്ടപ്പാടുകള്‍ പുറംലോകത്തെത്തിക്കുന്നത്. 10 കുട്ടികളാണ് മൂന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ രണ്ടു ദിവസമായി നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ 3 അധ്യാപകരുമൊത്ത് എത്തിയത്. വ്യാഴാഴ്ച രാവിലെ 7 ന് കുടിയില്‍ നിന്നും ആരംഭിച്ച നടത്തും 3 ന് സ്‌കൂളിലെത്തിയാണ് അവസാനിച്ചത്. 

കുട, സോപ്പ്, പാവ നിര്‍മ്മാണത്തിന് പുറമെ വോളിബോള്‍ നെറ്റ്, മുത്തു കൊണ്ടുള്ള ഉത്പ്പന്നം, ലോഹത്തകിടുകള്‍, മരത്തിലെ കൊത്തുപണികളും ശാസ്‌ത്രോത്സവത്തോട് അനുബന്ധിച്ച് കുട്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഷിംലാല്‍, വാസുദേവന്‍, വ്യാസ് എന്നീ അധ്യാപകര്‍ക്കൊപ്പമാണ് പത്തുപേരടങ്ങുന്ന സംഘം മൂന്നാറിലെത്തിയിരിക്കുന്നത്. 

ഇടമലക്കുടി വികസനത്തിനായി സര്‍ക്കാര്‍  ഓരോവര്‍ഷം  കോടികളാണ് വിവിധ പദ്ധതികള്‍ക്കായി നല്‍കുന്നത്.  ഇതുകൂടാതെ ജനമൈത്രി പോലീസിന്‍റെ സേവനവും കോടതികളുടെ മേല്‍നോട്ടവും ആദിവാസികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റോഡ് തകര്‍ന്നതോടെ വകുപ്പുകളുടെ സേവനം നാളിതുവരെ ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല. പോലീസിന്റെ സേവനം ലഭിക്കാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു. മുന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇടമലക്കുടിക്കായി മാത്രം പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സ്ഥാനമാറ്റം ലഭിച്ചതോടെ സേവനം നിലച്ചു. 

ഇടമലക്കുടി പഞ്ചായത്ത് ഓഫീസിന്റെ സേവനം ദേവികുളത്തേക്ക് മാറ്റിയതോടെ വിരളിലെണ്ണാവുന്നവര്‍ മാത്രമാണ് സേവനങ്ങള്‍ക്കായി ഇവിടെ എത്തുന്നത്. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യറായില്ലെങ്കില്‍ സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്ത് വീണ്ടും ഒറ്റപ്പെടും.

click me!