കയ്യാങ്കളിയിലെത്തിയ ലീഗ് - കോൺഗ്രസ് ഭിന്നത; ഇടുക്കി യുഡിഎഫിലെ പൊട്ടിത്തെറിയിൽ ഇടപെട്ട് സംസ്ഥാന നേതൃത്വം

Published : Aug 14, 2024, 08:22 AM IST
കയ്യാങ്കളിയിലെത്തിയ ലീഗ് - കോൺഗ്രസ് ഭിന്നത; ഇടുക്കി യുഡിഎഫിലെ പൊട്ടിത്തെറിയിൽ ഇടപെട്ട് സംസ്ഥാന നേതൃത്വം

Synopsis

കോണ്‍ഗ്രസ് - മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളി വരെയാകുന്ന നിലയിലെത്തി കാര്യങ്ങള്‍.

തൊടുപുഴ: അനായാസം ലഭിക്കേണ്ട നഗരസഭാ ഭരണം തമ്മിലടിയാൽ നഷ്ടമായതിനു പിന്നാലെ ഇടുക്കിയിലെ യുഡിഎഫില്‍ പൊട്ടിത്തെറി. കാലങ്ങളായുള്ള കോണ്‍ഗ്രസ് - ലീഗ് ബന്ധത്തിനാണ് തിങ്കളാഴ്ച നടന്ന നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പോടെ വിള്ളല്‍ വീണത്. എല്‍ഡിഎഫില്‍ നിന്നും നഗരസഭ ഭരണം തിരിച്ചു പിടിക്കാന്‍ കഴിയുമായിരുന്ന സുവര്‍ണാവസരം കളഞ്ഞു കുളിച്ചതിനെതിരെ പ്രവര്‍ത്തകരിലും അമര്‍ഷം പുകയുന്നുണ്ട്.

കൈയില്‍ കിട്ടിയ തൊടുപുഴ നഗരസഭാ ഭരണം നഷ്ടപ്പെടുത്തിയതോടെയാണ് യുഡിഎഫില്‍ പൊട്ടിത്തെറി ഉണ്ടായത്.  ഇതോടെ കോണ്‍ഗ്രസ് - മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളി വരെയാകുന്ന നിലയിലെത്തി കാര്യങ്ങള്‍. നഗരസഭയിലേക്ക് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍  യുഡിഎഫ് പാളയത്തില്‍ എത്തിക്കാനുള്ള ശ്രമം ഡിസിസി നടത്തിയിരുന്നു. നേരത്തെ സിപിഎം നടത്തിയ അട്ടിമറി നീക്കത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനായിരുന്നു ഈ നീക്കം. എന്നാല്‍  മുന്നണി യോഗത്തില്‍ ഇത് വിശദീകരിച്ചിട്ടും ലീഗ് വഴങ്ങിയില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് - ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയില്‍ വരെ എത്തിയ നഗരസഭ തെരഞ്ഞെടുപ്പ്, യുഡിഎഫ് രാഷ്ട്രീയത്തില്‍ തന്നെ അപൂര്‍വമാണ്.  സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു.

എന്നാല്‍ അനുരഞ്ജന നീക്കവുമായി രണ്ടു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചത്. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വിഷയം ധരിപ്പിച്ചുവെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്. ഇതിനിടെ പി ജെ ജോസഫ് എംഎല്‍എയും പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടിരുന്നു. എന്നാല്‍ ഭരണം നഷ്ടമായ സാഹചര്യത്തില്‍  പി ജെ ജോസഫിനും തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പ് തലവേദനയായി മാറും.

എല്‍ഡിഎഫിന് വോട്ട് ചെയ്ത് മുസ്ലിം ലീഗ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു തിരിച്ചടിച്ചത്.  നഗരസഭയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മുന്നണിയില്‍ ഐക്യം ഇല്ലാത്തതിന്റെ ഫലമാണെന്ന് പറഞ്ഞ് കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് - മുസ്ലീം ലീഗ് തര്‍ക്കത്തില്‍ അമര്‍ഷത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസ് വഞ്ചനയാണ്  കാണിച്ചതെന്നും ലീഗിന്റെ സഹായത്തോടെ  വിജയിച്ചവരാണ്  ജില്ലയിലെ യുഡിഎഫിലെ പല സംവിധാനമെന്നും ലീഗ് നേതൃത്വം  വ്യക്തമാക്കി. ഇതിനിടെ ഇത്തരം രാഷ്ട്രീയപാപ്പരത്തം കാണിച്ചാല്‍ ഭാവിയില്‍ മുന്നണിക്ക് ദോഷകരമായി ഭവിക്കുമെന്ന മുന്നറിയിപ്പുമായി കേരള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.

കോൺഗ്രസിനെ വെട്ടി, സിപിഎമ്മിന് വോട്ടിട്ട് ലീഗ് പ്രതിനിധികൾ; തൊടുപുഴയിൽ ഭരണം നിലനിർത്തി എൽഡിഎഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൻഎസ്എസ്, എസ്എൻഡിപി വിമർശനത്തിനിടെ പെന്തകോസ്ത സഭാ വാർഷിക കൺവെൻഷനിൽ പങ്കെടുത്ത് വി ഡി സതീശൻ
9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്