
ഇടുക്കി: ഇടുക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യോക്കോസിനെ അമ്പരപ്പിക്കുന്ന വിജയത്തിലേക്ക് നയിക്കുന്നതില്‍ തോട്ടം മേഖലയിലും നിര്‍ണായക പങ്ക്. ദേവികുളം നിയോജക മണ്ഡലത്തിലെ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന എസ്റ്റേറ്റ് പ്രദേശങ്ങളില്‍ ഡീന്‍ കുര്യോക്കോസിന് വന്‍ പിന്തുണ ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എസ്റ്റേറ്റിലെ തൊഴിലാളികളില്‍ വലിയൊരു പങ്ക് കോണ്‍ഗ്രസിന് വോട്ടു ചെയ്തു. മണ്ഡലത്തിലെ മിക്കു ബൂത്തുകളിലും കോണ്‍ഗ്രസ് മുന്നിട്ടു നിന്നു. പൊമ്പള ഒരുമ സമരകാലഘട്ടത്ത് ട്രേഡ് യൂണിയനുകളെ കൈവിട്ട തൊഴിലാളികള്‍ വീണ്ടും ട്രേഡ് യൂണിയനുകളിലേക്ക് ചേക്കേറുന്നതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഗോമതി അഗസ്റ്റിന് രണ്ടായിരത്തില്‍ താഴെ വോട്ടുമാത്രമാണ് ലഭിച്ചത്. തമിഴ്‌നാട്ടിലെ പ്രാദേശിക പാര്‍ട്ടിയായ വിടുതലൈ ചിറുത്തൈകള്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കോണ്‍ഗ്രസിന്റെ അനുഭാവ ട്രേഡ് യൂണിയനുകളായ ഐ.എന്‍.ടി.യു.സി യുവിനും കെ.പി.സി.സി വൈസ് പ്രസിഡന്റായ ഏകെമണി നേതൃത്വം നല്‍കുന്ന സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയനും തെരഞ്ഞെടുപ്പ് ഫലം മികച്ച നേട്ടമായി.
കഴിഞ്ഞ മൂന്നു നിയമസഭാ തിരിഞ്ഞെടുപ്പുകളിലും പിന്നോക്കം പോയ മേഖലകളില്‍ കോണ്‍ഗ്രസ് ഇത്തവണ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇടുക്കിയിലെ തെരഞ്ഞെടുപ്പികളില്‍ നിര്‍ണായക വോട്ടായി മാറുന്ന തോട്ടം തൊഴിലാളികളും കര്‍ഷകരിലും നല്ലൊരു വിഭാഗം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതാണ് കണ്ടത്.
ഇടുക്കി മണ്ഡലം രൂപീകൃതമായതിനു ശേഷം നടന്ന പന്ത്രണ്ട് തെരഞ്ഞെടുപ്പുകളില്‍ എട്ടാം തവണയാണ് കോണ്‍ഗ്രസ് ഇവിടെ വെന്നിക്കൊടി പാറിക്കുന്നത്. തോട്ടം മേഖലയിലെ ഇടതുപക്ഷത്തിന്റെ നല്ലൊരു ഭാഗവും ഇത്തവണ കോണ്‍ഗ്രസിലേക്ക് പോയതായാണ് കണക്കുകള്‍ തെളിയിക്കുന്നത്.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോയ്‌സ് ജോര്‍ജ് നേടിയ വോട്ടുപോലും ഇത്തവണ ഇടതുപക്ഷത്തിന് നേടാനായില്ല. ജോയ്‌സ് കഴിഞ്ഞ തവണ നേടിയത് 3,82,019 വോട്ടായിരുന്നെങ്കില്‍ ഇത്തവണ നേടിയത് 3,27,440 വോട്ടു മാത്രമാണ്. 54,579 വോട്ടിന്റെ കുറവ്.
അതേസമയം കഴിഞ്ഞതവണ മത്സരിച്ചപ്പോള്‍ നേടിയ വോട്ടിന്റെ 70 ശതമാനം വോട്ടിന്റെ വര്‍ധനവാണ് ഡീന്‍ നേടിയത്. 167016 വര്‍ദ്ധനവ് ഇത്തവണ ഡീന്‍ കുര്യോക്കോസിനുണ്ടായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam