25 വർഷത്തിന് ശേഷം ഇടുക്കി ഏറ്റവും വലിയ ജില്ലയായതെങ്ങനെ, ജില്ല വളർന്നോ എന്ന് ചിലർക്ക് സംശയം -പക്ഷേ സംഭമിങ്ങനെ

Published : Sep 11, 2023, 02:39 PM ISTUpdated : Sep 11, 2023, 02:56 PM IST
25 വർഷത്തിന് ശേഷം ഇടുക്കി ഏറ്റവും വലിയ ജില്ലയായതെങ്ങനെ, ജില്ല വളർന്നോ എന്ന് ചിലർക്ക് സംശയം -പക്ഷേ സംഭമിങ്ങനെ

Synopsis

സെപ്റ്റംബർ 5 ലെ സർക്കാർ വിജ്ഞാപനത്തോടെ പുതിയ മാറ്റം നിലവിൽ വന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ സർക്കാർ ഗസറ്റിലും ഇത് പ്രസിദ്ധീകരിച്ചു.

ഇടുക്കി: 25 വർഷത്തിന് ശേഷം പാലക്കാട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ഇടുക്കി. ഇതുസംബന്ധിച്ച് അനേകം ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കുകയാണ്. ജില്ലകൾ വളരാൻ തുടങ്ങിയോയെന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ ജില്ലകളുടെ വലിപ്പം കുറയുന്നതും കൂടുന്നതും തികച്ചും സർക്കാറിന്റെ സാങ്കേതിക കാര്യം മാത്രമാണെന്നതാണ് വസ്തുത. 1997 നു മുൻപ് ഇടുക്കിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. ജില്ലാ രൂപീകരണത്തിന് ശേഷം 1997 വരെ ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല.

എന്നാൽ, 1997 ജനുവരി ഒന്നിനു ദേവികുളം താലൂക്കിൽനിന്നു കുട്ടമ്പുഴ വില്ലേജ് എറണാകുളത്തെ കോതമംഗലം താലൂക്കിലേക്കു ചേർത്തതോടെ ഇടുക്കിയുടെ വലിപ്പം കുറഞ്ഞു. 2000 ത്തിൽ കുമളി പഞ്ചായത്തിന്റെ പതിമൂന്നാം വാർഡായിരുന്ന പമ്പാവാലി പത്തനംതിട്ട ജില്ലയോടും ചേർത്തു. ഇതോടെ ഇടുക്കി രണ്ടാം സ്ഥാനത്തായി. ഇതോടെ രണ്ടാം സ്ഥാനത്തായിരുന്ന പാലക്കാട് ഒന്നാമതുമെത്തി. 

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായിരുന്ന 12718 ഹെക്ടർ ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേർത്തതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്. ഇനി മുതൽ ഈ ഭാ​ഗം സ്ഥലം ഇടമലക്കുടി പഞ്ചാത്തിന്റെ ഭാഗമാകും. സെപ്റ്റംബർ 5 ലെ സർക്കാർ വിജ്ഞാപനത്തോടെ പുതിയ മാറ്റം നിലവിൽ വന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ സർക്കാർ ഗസറ്റിലും ഇത് പ്രസിദ്ധീകരിച്ചു. ഇടുക്കിയുടെ ആകെ വിസ്തീർണം 4358 ൽ നിന്നു 4612 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിന്റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്.

അതേസമയം, പുനർനിർണയത്തോടെ എറണാകുളം ജില്ലയുടെ വിസ്തീർണം കുറഞ്ഞ് വലിപ്പത്തിൽ അഞ്ചാമതായി. തൃശൂരാണ് നാലാമത്. ഇടുക്കിയിലെ ഇടമലക്കുടി പ‍ഞ്ചായത്തിലും എറണാകുളത്തെ കുട്ടമ്പുഴ വില്ലേജിലുമായി നിന്ന ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്കു പുതിയ മാറ്റത്തോടെ റവന്യൂ ആവശ്യങ്ങൾക്ക് ഇനി കുട്ടമ്പുഴയിലേക്കു പോകേണ്ടിവരില്ല. അവർ ഇനി ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്റെ ഭാഗമാണ്. പിഎസ്‌സി അടക്കമുള്ള മത്സര പരീക്ഷകളിൽ ഏറ്റവും വലിയ ജില്ല ഏതെന്ന ചോദ്യത്തിന് ഉത്തരം വീണ്ടും ഇടുക്കിയാകുമെന്നതും കൗതുകം. 

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ