
കട്ടപ്പന: ഇടുക്കിയിൽ പാമ്പുകടിയേറ്റാല്‍ ചികിത്സിക്കാൻ സംവിധാനമില്ല. ജില്ലയിലെ താലൂക്ക് ആശുപത്രികളിലെല്ലാം വിഷചികിത്സയ്ക്കുള്ള പ്രതിവിഷമുണ്ടെങ്കിലും തുടർചികിത്സ സംവിധാനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിടുകയാണ്.
ഇടവെട്ടി എൽപി സ്കൂളിലെ നാലാംക്ലാസുകാരനെ കഴിഞ്ഞ ദിവസം പാന്പ് കടിച്ചെന്ന് സംശയം ഉയർന്നു. വിദ്യാർത്ഥിയെ ഉടൻ അധ്യാപകർ തൊടുപുഴ ജില്ല ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ കുട്ടിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. പ്രതിവിഷം ഇല്ലാത്തതാണോ കോട്ടയത്തേക്ക് വിടാൻ കാരണം എന്ന് അന്വേഷിച്ചപ്പോഴാണ് ഇടുക്കി ജില്ലയിലെ ചികിത്സ സംവിധാനത്തിലെ ന്യൂനതകൾ പുറത്തറിയുന്നത്.
പ്രതിവിഷം ആവശ്യത്തിന് സ്റ്റോക്കുണ്ട്. എന്നാൽ പ്രതിവിഷം നൽകിയാൽ കുട്ടിയെ ഐസിയുവിലാക്കണം. വെന്‍റിലേറ്റർ സംവിധാനവും ആവശ്യമായേക്കും. ഇതുരണ്ടും ജില്ല ആശുപത്രിയിൽ ഇല്ല. ജില്ലയിലെ അഞ്ച് താലൂക്ക് ആശുപത്രികളിലും ഇതുതന്നെ സ്ഥിതി. ചെറുതോണി ജില്ല ആശുപത്രിയിൽ നാല് ഐസിയു കിടക്കകൾ ഉണ്ട്. എട്ടെണ്ണം ഇല്ലാത്തതിനാൽ ഇത് പൂർണ ഐസിയു അല്ല. കുട്ടികൾക്ക് വേണ്ട പീഡിയാട്രിക് ഐസിയു ജില്ലയിൽ ഒരിടത്തും ഇല്ല.
ഇടുക്കി മറയൂരിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് അഞ്ച് മണിക്കൂർ സഞ്ചരിക്കണം. ദേവികുളത്ത് നിന്ന് നാല് മണിക്കൂർ. നാലാം ക്ലാസുകാരന്‍റെ കാലിൽ കമ്പുകൊണ്ട് മുറിഞ്ഞതായിരുന്നെന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിയപ്പോൾ വ്യക്തമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam