പട്ടയമേളയിൽ ഇത്തവണ ഇടുക്കിയിൽ നിന്ന് 2423 പേർക്ക് പട്ടയം കിട്ടും

By Web TeamFirst Published Sep 13, 2021, 7:30 AM IST
Highlights

1964 ലെ ഭൂമി പതിവു ചട്ട പ്രകാരമുള്ള 1813 പട്ടയങ്ങളും, 93 ലെ പ്രത്യേക ചട്ടം അനുസരിച്ചുള്ള 393 എണ്ണവും, 158 വനാവകാശ രേഖയും ഉൾപ്പെടയാണ് 2423 പട്ടയങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 

ഇടുക്കി: സംസ്ഥാന സര്‍ക്കാരിൻറെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായുള്ള പട്ടയമേളയിൽ ഇത്തവണ ഇടുക്കിയിൽ നിന്ന് 2423 പേർക്ക് പട്ടയം കിട്ടും. 2015 നു ശേഷം ആദ്യമായി ഹൈറേഞ്ച് കോളനൈസേഷൻ സ്കീം അനുസരിച്ചുള്ള പട്ടയങ്ങളും ഇത്തവണ കൈമാറും. ചൊവ്വാഴ്ചയാണ് പട്ടയ വിതരണ മേള

1964 ലെ ഭൂമി പതിവു ചട്ട പ്രകാരമുള്ള 1813 പട്ടയങ്ങളും, 93 ലെ പ്രത്യേക ചട്ടം അനുസരിച്ചുള്ള 393 എണ്ണവും, 158 വനാവകാശ രേഖയും ഉൾപ്പെടയാണ് 2423 പട്ടയങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകുന്നത്. 1748. കുറവ് പീടുമേട്ടിൽ 33 എണ്ണം. ഉടുമ്പൻചോലയിൽ 157 ഉം ദേവികുളത്ത് 230 ഉം തൊടുപുഴയിൽ 255 പട്ടയങ്ങളും വിതരണം ചെയ്യും. ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മറ്റു താലൂക്കുകളിൽ എംഎൽഎ മാർ പട്ടയം വിതരണം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ.

ഹൈറേഞ്ച് കോളനൈസേഷൻ സ്കീം പ്രകാരം 31 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കാൻ ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിൽ കുടിയിരുത്തിയ കർഷകർക്ക് സർക്കാർ അനുവദിച്ച ഭൂമിക്കാണ് എച്ച്ആർസി പട്ടയം നൽകുന്നത്. വർഷങ്ങളായി കെട്ടിക്കിടന്ന അപേക്ഷകളിൽ മുൻ കളക്ടറാണ് നടപടികൾ വേഗത്തിലാക്കിയത്. 

തുടർന്ന് ദേവികുളം സബ്കളക്ടർ മുൻകയ്യെടുത്ത് പട്ടയങ്ങൾ തയ്യാറാക്കി. നാലേക്കർ വീതം ഭൂമിക്കാണ് ഈ പട്ടയം കിട്ടുക. എച്ച് ആർസി പട്ടയത്തിനു സമർപ്പിച്ച മൂന്നൂറ്റി മുപ്പതിലധികം അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.

click me!