വീടും സ്ഥലവും വാഗ്ദാനം ചെയ്ത് വോട്ടുതേടി അധികാരത്തിലെത്തിയവര്‍ തൊഴിലാളികളെ അവഗണിക്കുന്നു: സബ് കലക്ടര്‍ ഓഫീസ് മാര്‍ച്ചിനൊരുങ്ങി സിപിഐ പ്രാദേശീക നേതൃത്വം

By Web TeamFirst Published May 20, 2019, 4:21 PM IST
Highlights


പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. പ്രശ്‌നത്തില്‍ അടയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മൂന്നാറിലെ പ്രദേശീക സിപിഐ നേത്യത്വം അറിയിച്ചു.  
 

ഇടുക്കി: അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍മാനദണ്ഡമനുസരിച്ച് വീടും സ്ഥലവും നല്‍കാമെന്ന് പറഞ്ഞ് വോട്ട് നേടി അധികാരത്തിലെത്തിയ ഇടതുപക്ഷ ഗവണ്‍മെന്‍റ് ഇടുക്കിയിലെ ഭൂരഹിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്ന് സിപിഐ ഇടുക്കി പ്രദേശിക നേതൃത്വത്തിന്‍റെ ആരോപണം.  തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ തീരുമാനമുണ്ടാക്കാതെ സമയം കളയുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ 22 -ാം തിയതി സബ് കലക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു. 

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. പ്രശ്‌നത്തില്‍ അടയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മൂന്നാറിലെ പ്രദേശീക സിപിഐ നേത്യത്വം അറിയിച്ചു.  ജില്ലയിലുടനീളം പട്ടയം വിതരണം നടത്തിയ സര്‍ക്കാര്‍ ദേവികുളം താലൂക്കിനെ മാത്രം പട്ടയ വിതരണത്തില്‍ നിന്ന് ഒഴിവാക്കി. മൂന്നാര്‍, ചിന്നക്കനാല്‍, സിങ്കുകണ്ടം, സൂര്യനെല്ലി, സാന്‍റോസ് ആദിവാസി കോളനിയില്‍ താമസിക്കുന്നവരും മനുഷ്യര്‍ തന്നെയാണ്. മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി നല്‍കിയപ്പോള്‍ ചിന്നക്കനാലില്‍ തൊഴിലാളികളുണ്ടെന്ന കാര്യം സര്‍ക്കാര്‍ മറന്നുപോയിയെന്നും സിപിഐ സമരത്തിനായിറക്കിയ പോസ്റ്ററില്‍ ആരോപണമുന്നയിക്കുന്നു. 

കണ്ണന്‍ദേവനില്‍ നിന്നും മിച്ചഭൂമി പരിഷ്കരണത്തന്‍റെ പേരില്‍ പിടിച്ചെടുത്ത വാസയോഗ്യമായ ഭൂമി യോഗ്യതയുള്ളവര്‍ക്ക് നല്‍കാതെ വനംവകുപ്പ് കൈവശം വച്ചിരിക്കുകായണ്. പലര്‍ക്കും കൈവശ രേഖ കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ പട്ടയം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് പോസ്റ്ററിലുള്ളത്. കുറ്റിയാര്‍വാലിയില്‍ 3070 പേര്‍ക്ക് ഭൂമി അനുവധിച്ചെങ്കിലും 770 പേര്‍ക്ക് മാത്രമാണ് താമസിക്കാന്‍ കഴിഞ്ഞത്. ബാക്കിയുള്ള 2700 പേര്‍ക്ക് പട്ടയം നല്‍കി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിലൊന്നും സര്‍ക്കാര്‍ ശ്രദ്ധപതിയുന്നില്ല. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന മൂന്നാറിലെ കച്ചവടക്കാരുടെ നില അതിലും പരിതാപകരമാണ്. സ്വകാര്യകമ്പനിയുടെ തണലില്‍ ജീവിക്കുന്ന ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണം കൈയ്യിലുണ്ടായിട്ടും പരിഹരിക്കാന്‍ കഴിയുന്നില്ല. 

ചിന്നക്കനാലില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ഒരുമാസം പിന്നിടുമ്പോഴും നടപടികളില്ല. പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം കാണുന്നതിന് 22 ന് രാവിലെ ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് ധര്‍ണ്ണ നടത്തുമെന്നും പ്രദേശീക സിപിഐ നേതൃത്വം അറിയിച്ചു. റവന്യൂ വകുപ്പ് സിപിഐയുടെ കൈയിലാണെങ്കിലും കാര്യങ്ങള്‍ ഏകോപിപ്പിച്ച് ചെയ്യേണ്ടത് സര്‍ക്കാറാണ്. വിവിധ വകുപ്പുകളുടെ ഏകോപനം ഇവിടെ ആവശ്യമാണ്.  അതുകൊണ്ട്തന്നെ സമരം സര്‍ക്കാറിനെതിരെയല്ലെന്നും മറിച്ച് ഇടുക്കിയിലെ സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണെന്നും ഇടുക്കി ജില്ലാ സിപിഐ സെക്രട്ടറി കെ കെ ശിവരാമന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. രാവിലെ ആരംഭിക്കുന്ന ധര്‍ണ്ണ സിപിഐ ദേശീയ കൗസിലംഗം സിഎ കുര്യന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ അഭിവാദ്യ പ്രസംഗം നടത്തും. ജിഎന്‍ ഗുരുനാഥന്‍, പി  മുത്തുപ്പാണ്ടി, മാത്യു വര്‍ക്ഷീസ്, എംവൈ ഔസേപ്പ്, റ്റിഎം മുരുകന്‍ പി പളനിവേല്‍ എന്നിവര്‍ പങ്കെടുക്കും. 

click me!