
മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ ഐ.ടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. നാട്ടിൽ സമാധാനവും സ്വൈര്യജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടർ ജാഫർ മലിക് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ഒഴിവാക്കണം. പ്രതിഷേധങ്ങൾ പൊതുനിരത്തുകളിൽ ഒഴിവാക്കണമെന്നും അതിനായി കഴിവതും മൈതാനങ്ങൾ തെരഞ്ഞെടുക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. പ്രതിഷേധത്തിന് അനുമതി നിൽകുമ്പോൾ നിലവിലുള്ള നിബന്ധനകൾ കർശനമായി പാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
വർഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘർഷത്തിനും വഴിവയ്ക്കുന്ന നീക്കങ്ങൾ തടയാൻ രാഷ്ട്രീയ കക്ഷികളുടേയും മതസംഘടനകളുടേയും പിന്തുണയുണ്ടാകണമെന്നും ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ലെന്നും എന്നാൽ മറ്റു മതസ്ഥരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന നടപടികൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് താലൂക്ക് തലത്തിൽ രാഷ്ട്രീയപാർട്ടികളുടേയും മതസംഘടനാ നേതാക്കളുടേയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാഭാരവാഹികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെയും യോഗത്തിൽ പങ്കെടുപ്പിക്കും. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam