
തൊടുപുഴ: മൂന്നാറില്‍ ആറ്റുപുറമ്പോക്ക് കൈയ്യേറി അനധികൃത നിര്‍മ്മാണം പുരോഗമിക്കുമ്പോഴും കണ്ട ഭാവം നടിക്കാതെ ഉദ്യോഗസ്ഥര്‍. മൂന്നാര്‍ ടൗണില്‍ ചര്‍ച്ചില്‍ പാലത്തിനു സമീപവും പഞ്ചായത്ത് ശുചിമുറികളുടെ പിന്നിലായുള്ള കടകളിലൊന്നാണ് നിര്‍മ്മാണം നടത്തുന്നത്. പ്രളയസമയത്ത് വെള്ളമുയര്‍ന്ന് മുങ്ങിയ പ്രദേശത്താണ് നിര്‍മ്മാണം. മഴക്കാലങ്ങളില്‍ ശക്തമായ ഒഴുക്കും ഇവിടെയുണ്ടാകാറുണ്ട്. ഒരു വശത്തായി വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ മറയാക്കിയാണ് നിര്‍മ്മാണം നടത്തുന്നത്.
സിമന്‍റ് ഇഷ്ടികകള്‍ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ശേഷം അതിനു മുകളില്‍ കെട്ടിടങ്ങള്‍ പണിയാനാണ് നീക്കം. മൂന്നാര്‍ ടൗണിലെ കണ്ണായ സ്ഥലത്തു തന്നെയാണ് നിര്‍മ്മാണമെങ്കിലും ഇത് തടയാന്‍ പഞ്ചായത്തോ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. മഴക്കാലങ്ങളില്‍ അപകടകരമാകുന്ന രീതിയില്‍ വെള്ളമുയരുന്ന മുതിരപ്പുഴയുടെ വശങ്ങളില്‍ നിര്‍മ്മാണങ്ങള്‍ തകൃതിയായി നടക്കുകയാണ്. മൂന്നാര്‍ നല്ലതണ്ണി പാലത്തിനു സമീപമുള്ള കെട്ടിടങ്ങളില്‍ ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
നടയാറില്‍ നിന്നും വരുന്ന കൈതോടിനു വശങ്ങളിലും നിരവധി കടകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പഴയമൂന്നാറില്‍ മുതിരപ്പുഴയ്ക്ക് സമീപം എന്‍ ഒ സി ഇല്ലാതെ നിര്‍മ്മാണം നടത്തിയ കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കുകയും റവന്യൂ വകുപ്പിന്‍രെ നടപടി ശരിയായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിലക്കിയ പുഴയോര നിര്‍മ്മാണങ്ങള്‍ നടക്കുമ്പോഴും അധികൃതര്‍ നടപടിയെടുക്കാത്തതിനെതിരെ പൊതുജനങ്ങളില്‍ നിന്നും എതിര്‍പ്പുകളുയരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam