
തിരുവനന്തപുരം: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട വ്യാജ ചാരായ വിൽപന
കേസിലെ പ്രതി കോടതിയലെത്തി കീഴടങ്ങി. കരുംകുളം പുതിയതുറ പണ്ടാരപാട്ടം പുരയിടം
ജഫീനാ ഹൗസിൽ യോഹന്നാൻ (42)ആണ് നെയ്യാറ്റിൻകര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടത്. യോഹന്നാനെ പിടികൂടാനെത്തിയ പൊലീസിന് നേരെ പുതിയതുറ
ഫിഷ്ലാന്റിന് സമീപം നാട്ടുകാരടക്കം ചേര്‍ന്ന് അതിക്രമം അഴിച്ച് വിടുകയായിരുന്നു.
അക്രമത്തിൽ കാഞ്ഞിരംകുളം സ്റ്റേഷനിലെ എസ്.ഐ.സജീർ, വിജയകുമാർ, മധു, ആനന്ദകുമാർ, ഡ്രൈവർ പ്രവീൺകുമാർ എന്നിവർക്ക് പരിക്കേറ്റിരുന്നു. പുതിയതുറ തീരത്ത് വ്യാജ ചാരായം വിറ്റ സംഭവത്തിൽ യോഹന്നാനെതിരെ നേരത്തെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിരുന്നു. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടാൻ എത്തിയത്.
പൊലീസിനെ കണ്ട് ഇയാൾ കടലിൽ ചാടി രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാൽ മഫ്തിയിൽ
എത്തിയ പൊലീസുകാർ ഇയാളെ പിടികൂടി. തുടർന്ന് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഒരുവിഭാഗം നാട്ടുകാർ സംഘടിച്ച് എത്തി പൊലീസിനെ അക്രമിച്ച് യോഹന്നാനെ രക്ഷപ്പെടുത്തിയത്. കോടതി റിമാന്റ് ചെയ്ത യോഹന്നാനെ കസ്റ്റഡിയിൽ വാങ്ങി തുടർനടപടികള്‍ സ്വീകരിക്കുമെന്ന് കാഞ്ഞിരംകുളം എസ്.ഐ പറഞ്ഞു. പൊലീസിനെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പി.ടി വിളാകം പുരയിടത്തിൽ സിൽവയെ പൊലീസ് നേരെത്ത
പിടികൂടിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam