കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ് മലയാളി സ്വര്‍ണ വ്യാപാരിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞയാഴ്ചയാണ് അനീഷും കൂട്ടാളികളും അറസ്റ്റിലായത്.

കോയമ്പത്തൂര്‍ : സ്വര്‍ണക്കവര്‍ച്ചാ കേസില്‍ കൊച്ചി പൊലീസ് പിടികൂടിയ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിനെ തമിഴ്നാട് ചാവടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സബ് ജയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് കോടതിയുടെ ട്രന്‍സിറ്റ് വാറണ്ടോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. മലയാളി സ്വര്‍ണ വ്യാപാരിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞയാഴ്ചയാണ് അനീഷും കൂട്ടാളികളും അറസ്റ്റിലായത്.

കോയമ്പത്തൂര്‍ കെ.ജി.ചാവടിയില്‍ നിന്നുള്ള പൊലീസ് സംഘം ഇന്നലെ രാവിലെയാണ് എറണാകുളത്ത് എത്തിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ സബ് ജയിലില്‍ കഴിയുന്ന മരട് അനീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.അറസ്റ്റ് വിവരം തമിഴ്നാട് മധുക്കരൈ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മജിസ്ട്രേറ്റിന്‍റെ ട്രാന്‍സിറ്റ് വാറന്‍ഡോടെ ഇന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ജനുവരി 15നാണ് പനമ്പുകാട് നിന്ന് വടക്കന്‍ പറവൂര്‍ പൊലീസും മുളവുകാട് പൊലീസും ചേര്‍ന്ന് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസിന് കൈമാറി.കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൊച്ചി സേലം ദേശീയ പാതയില്‍ തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാതാവ് ജെയിസണ്‍ ജേക്കബിനെയും സഹായി വിഷ്ണുവിനെയും വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അനീഷും സംഘവും സ്വര്‍ണം തട്ടിയെടുത്തത്. ചെന്നൈയില്‍ നിന്ന് ഒന്നരകിലോ സ്വര്‍ണ ബിസ്കറ്റുമായി ജെയിസണും വിഷണുവും നാട്ടിലേക്ക് മടങ്ങും. വഴി എട്ടിമട പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു കവര്‍ച്ച. കേസില്‍ തമിഴ് നാട് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ വിഷ്ണു അന്‍ഷാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് മരട് അനീഷിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.