പൊലീസ് ചമഞ്ഞ് വ്യാപാരികളെ തട്ടിക്കൊണ്ടുവന്ന് പൂട്ടിയിട്ടു, മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 50 ലക്ഷം; ജിം ട്രെയിനർ അടക്കം 5 പേർ പിടിയിൽ

Published : Aug 28, 2025, 09:44 PM IST
kidnap case arrest

Synopsis

പൊലീസ് വേഷത്തിൽ രണ്ട് കാറുകളിൽ എത്തിയ സംഘം കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ നിങ്ങൾ പ്രതികളാണെന്നും എസ്പിയുടെ മുന്നിൽ ഹാജരാക്കണമെന്നും അറിയിച്ച് വിലങ്ങ് വച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.

തിരുവനന്തപുരം: പൊലീസ് വേഷത്തിലെത്തി തമിഴ്നാട്ടിൽ നിന്നും വ്യാപാരികളെ തട്ടിക്കൊണ്ടുവന്ന് കേരളത്തിൽ ഒളിവിൽ താമസിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. സേലം സ്വദേശിയായ സുരേഷ് കുമാറിനെയാണ് പാറശാല പൊലീസ് പിടികൂടിയത്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ വ്യാപാരികളായ യൂസഫ്, ജാഫിർ എന്നിവരെയാണ് ഒരു സംഘം കേരള പൊലീസ് ചമഞ്ഞ് തട്ടിയെടുത്ത് ക്രൂരമായി മർദിച്ച് ഉദിയൻകുളങ്ങരയിലെ വീട്ടിലെത്തിച്ചു പൂട്ടിയിട്ടത്. സംഭവത്തിൽ നേരത്തെ നാല് പേർ അറസ്റ്റിലായിരുന്നു

ഉദിയൻകുളങ്ങര കരിക്കിൻവിള സ്വദേശി സാമുവൽ തോമസ്, നെയ്യാറ്റിൻകര മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിൻ, നെയ്യാറ്റിൻകര സ്വദേശി അഭിറാം, കമുകിൻകോട് ചീനിവിള സ്വദേശി വിഷ്ണു എസ് ഗോപൻ എന്നിവരാണ് അറസ്റ്റിലായത്. ബിനോയ് അഗസ്റ്റിൻ ജിംനേഷ്യത്തിലെ ട്രെയിനറും അഭിറാം മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനുമാണ്. ആകെ എട്ട് പ്രതികളുള്ള കേസിൽ മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്നും ഇവർക്കായി കേരളത്തിലും തമിഴ്നാട്ടിലുമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പാറശാല എസ്എച്ച്ഒ അനിൽ കുമാർ പറഞ്ഞു.

ഓൺലൈൻ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആളുടെ നിർദേശ പ്രകാരം വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ജാബിറും യൂസഫും ചൊവ്വാഴ്ച രാവിലെ കൃഷ്ണഗിരിയിൽ എത്തുന്നത്. അവിടെ പൊലീസ് വേഷത്തിൽ രണ്ട് കാറുകളിൽ എത്തിയ സംഘം കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ നിങ്ങൾ പ്രതികളാണെന്നും എസ്പിയുടെ മുന്നിൽ ഹാജരാക്കണമെന്നും അറിയിച്ച് വിലങ്ങ് വച്ച് വാഹനത്തിൽ കയറ്റി. യാത്രയിൽ ഇരുവരെയും ക്രൂരമായി മർദിച്ച് 50,000 രൂപയും വിലകൂടിയ വാച്ചും കവർന്നു. രാത്രിയോടെ ഉദിയൻകുളങ്ങര കൊച്ചോട്ടുകോണം കരിക്കിൻവിളയിലെ വീട്ടിൽ എത്തിച്ച് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പൂട്ടിയിട്ടു.

വീട്ടിൽ ലഹരി വിൽപന നടക്കുന്നതായി വിവരം ലഭിച്ച റൂറൽ ഡാൻസാഫ് പൊലീസ് ആണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. കരിക്കിൻവിളയിലെ വാടക വീട്ടിൽ നിന്ന് ചങ്ങല കൊണ്ട് ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലാണ് വ്യാപാരികളെ കണ്ടെത്തിയത്. പുറത്തു നിന്ന് വാതിൽ ആണിയടിച്ചുറപ്പിച്ച നിലയിലായിരുന്നു. പൊലീസ് വാതിൽ പൊളിച്ച് അകത്ത് കയറിയാണ് രക്ഷപ്പെടുത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികൾ അറസ്റ്റിലായത്. തട്ടിക്കൊണ്ടു വരാൻ ഉപയോഗിച്ച കാർ, കേരള പൊലീസിന്‍റെ വ്യാജ തിരിച്ചറിയൽ കാർഡ്, നക്ഷത്ര ചിഹ്നം പതിച്ച യൂണിഫോം, വ്യാജ നമ്പർ പ്ലേറ്റ്, തോക്ക്, തിരകൾ, വിലങ്ങ്, മൊബൈൽ ഫോൺ തുടങ്ങിയ കണ്ടെടുത്തു. ബംഗളൂരുവിൽ ടാക്സി ഡ്രൈവറായ സാമുവൽ തോമസിന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്