
തിരുവനന്തപുരം: ആർടിഒ ഉദ്യോസ്ഥൻ ചമഞ്ഞ് വാഹന പരിശോധന നടത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി രതീഷി (37) നെയാണ് തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. തിരുനെൽവേലി സ്വദേശിയായ സെന്തിൽകുമാർ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ബൈപ്പാസ് മേഖലയിലാണ് രാത്രികാലത്ത് ലോറികൾ തടഞ്ഞ് ഇയാൾ പരിശോധനകൾ നടത്തിയിരുന്നത്.
മുൻപ് പാറശാല ആർ ടി ഒ ഓഫീസിൽ താത്‌കാലിക ജീവനക്കാരനായിരുന്നു രതീഷ്. വിഴിഞ്ഞം തുറമുഖത്തേക്കു വരുന്ന ലോറികളിലടക്കം ഇയാൾ ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് പരിശോധനകൾ നടത്തിയിരുന്നതായും പിഴ ചുമത്തുന്നു എന്ന രീതിയിൽ പണം തട്ടിയെടുത്തിരുന്നതായും പൊലീസ് പറയുന്നു. ഈ മാസം 14-ന് ജിഎസ്ടി എന്ന കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞും ഇയാൾ പണപ്പിരിവു നടത്തി. ആ ദിവസം ഇയാളുടെ അക്കൗണ്ടിലേക്ക് 37000 രൂപ ലഭിച്ചെന്ന് ബാങ്ക് രേഖകളിലൂടെ പൊലീസ് കണ്ടെത്തി. ഗൂഗിൾ പേയിലൂടെയാണ് പണം സ്വീകരിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam