
ഇടുക്കി: വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച്, റോഡിലെ ചെളിക്കുഴിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശയന പ്രദക്ഷിണം നടത്തി. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ചിന്നക്കനാലിലേക്കുള്ള റോഡാണ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്.
തെക്കിന്‍റെ കാശ്മീരായ മുന്നാറിനടുത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ചിന്നക്കനാലും സൂര്യനെല്ലിയും. ദിവസേന വിദേശികളുൾപ്പെടെ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. എന്നാൽ ഏക ആശ്രമായ റോഡിലൂടെ നടുവൊടിഞ്ഞാണ് ഇവരെല്ലാം സഞ്ചരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമരം. റോഡിൽ ശയന പ്രദക്ഷിണം നടത്തിയതോടെ വിനോദ സഞ്ചാരികളുടെ നിരവധി വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ടു.
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും ചിന്നക്കനാലിലേക്ക് പോകുന്ന മൂന്ന് കിലോമീറ്റർ റോഡാണ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്നത്. നാലു വർഷം മുൻപ് റോഡ് പണിയാൻ നാലു കോടി രൂപ അനുവദിച്ചു. കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബർ കോൺട്രാക്ട് സൊസൈറ്റി റോഡിൻറെ നിർമ്മാണ കരാർ ഏറ്റെടുത്തു.
കഴിഞ്ഞ ഡിസംബറിൽ പണികൾ തീർക്കണമെന്നായിരുന്നു കരാർ. എന്നാൽ പണികൾ പൂർത്തിയാക്കാതെ കരാർ കമ്പനി പിൻവാങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പല തവണ പെടുത്തിയിട്ടു പോലും പണികൾ വേഗത്തിലാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിൻറെയും എംഎൽഎയുടെയും ഓഫിസ് പടിക്കലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.